കീഴരിയൂരിൽ വവ്വാലുകൾ ചത്തത് ആശങ്കയായി
കീഴരിയൂരില്‍ ജനകീയ ഹോട്ടലിനടുത്ത് വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ എത്തി പരിശോധന നടത്തി. വെറ്റിനറി ഡോക്ടറും ആരോഗ്യവിദഗ്ദരും ചേര്‍ന്നാണ് പരിശോധിച്ചത്. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വവ്വാലുകളെ തീയിട്ട് നശിപ്പിച്ചു. ബ്ലീച്ചിങ് പൌഡർ വിതറി ശുചീകരിച്ചു.
പരിസരങ്ങളിൽ വവ്വാലുകളുടെ വലിയ ചേക്ക സ്ഥലങ്ങളുണ്ട്. ഇവയിൽ ഭജനമഠം ഭാഗത്തെ മരത്തിൽ നിന്നും ചത്തു വീണവയാണ് ഭീതിയായത്. എന്നാൽ ഇത് സ്വഭാവിക ആവാസ വ്യവസ്ഥയിൽ ഉണ്ടായത് മാത്രമാവാം എന്നാണ് കരുതുന്നത്. മുൻ കാലങ്ങളിലും ഇതു പോലെ വവ്വാലുകൾ ചാവാറുണ്ട്. ഇലക്ട്രിക് ലൈനിൽ ഷോക്കേറ്റ് ചാവുന്നതും പതിവാണ്.
നിപ സാഹചര്യത്തിൽ ഇത് ജനങ്ങൾക്ക് ആശങ്കയായി മാറി. ഇതു സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നതും പ്രശ്നമായിരിക്കയാണ്. അതേ സമയം കരുതൽ വേണമെന്നും അധികൃതർ പറഞ്ഞു. പക്ഷിമൃഗാദികൾ കടിച്ചിട്ടവയും കൊത്തിയതുമായ കായ്കനികൾ ഒഴിവാക്കണം. ഇവ വെയിലിൽ ഉണക്കുന്നതും പരമ്പരാഗത അണുനാശക രീതിയാണ്.