കോഴിക്കോട് സർവ്വോദയപക്ഷം ഖാദിമേള ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : സർവ്വോദയപക്ഷം ഖാദിമേള ഉദ്ഘാടനവും ഓണം സമ്മാന പദ്ധതിയുടെ ജില്ലാതല സമ്മാനദാനവും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി പി മാധവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ചെറൂട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സർവോദയസംഘം വൈസ് പ്രസിഡൻ്റ് ജി എം സിജിത്ത്, കേരള സർവോദയസംഘം ചെയർമാൻ യു രാധാകൃഷ്ണൻ, കണ്ണൂർ സർവോദയസംഘം പ്രതിനിധി ശ്രീജേഷ് എന്നിവർ സംസാരിച്ചു. പ്രോജക്ട് ഓഫീസർ കെ ഷിബി സ്വാഗതവും ജൂനിയർ സൂപ്രണ്ട് ഷൈൻ ഇ ജോസഫ് നന്ദിയും പറഞ്ഞു.

സർവോദയപക്ഷം ആചരണത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഒരുക്കുന്ന റിബേറ്റ് മേള ഫെബ്രുവരി ഒമ്പതു മുതൽ 14 വരെയാണ്. ഖാദിവസ്ത്രങ്ങൾക്ക് 30 ശതമാനം പ്രത്യേക റിബേറ്റ് മേളയിൽ ലഭ്യമാകും. 2023 ഓണം ഖാദിമേളയുമായി ബന്ധപ്പെട്ട് ഖാദിബോർഡ് ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിലെ ജില്ലാതല വിജയിയായ മധുസൂദനന് ഒരു പവൻ സ്വർണ്ണ നാണയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. ചടങ്ങിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടപ്പാക്കുന്ന ‘തേൻ കലവറ’ പദ്ധതി പ്രകാരം തേനീച്ച വളർത്തൽ പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ടി പി മാധവൻ നമ്പൂതിരി നിർവ്വഹിച്ചു.

Comments
error: Content is protected !!