കീവിൽ സൈന്യം ജനങ്ങൾക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങി
പൊതുജനങ്ങൾക്ക് യുക്രൈൻ തലസ്ഥാനമായ കീവിൽ സൈന്യം ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ട്. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്‍റെയും പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുടെയും ആഹ്വാനം. നേരത്തേ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരൻമാർക്ക് സൈന്യം പരിശീലനം നൽകുന്ന ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനാവില്ല. അതുകൊണ്ട് റഷ്യൻ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാണ് തീരുമാനം.
സ്വന്തം നഗരങ്ങളും വീടുകളും സംരക്ഷിക്കൂ എന്നാണ് ജനങ്ങളോട് യുക്രൈനിയൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്യുന്നത്. യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് ഇന്നലെ വ്ലാദിമിർ സെലെൻസ്കി പ്രഖ്യാപിച്ചിരുന്നു. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു.
ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു.
”നിങ്ങളുടെ വീടുകളെയും നഗരങ്ങളെയും സംരക്ഷിക്കാൻ തയ്യാറാകുക. യുക്രൈൻ സ്വന്തം സ്വാതന്ത്ര്യം ആർക്കുമുന്നിലും അടിയറ വയ്ക്കില്ല. റഷ്യൻ ഫെഡറേഷൻ നമ്മളെ ആക്രമിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി ആക്രമണങ്ങൾ അഴിച്ചുവിട്ടത് പോലെയാണ്”, സെലെൻസ്കി പറഞ്ഞു.
യുദ്ധം തുടങ്ങിയതിന് പിന്നാലെ ലോകത്തോടൊട്ടാകെ സഹായം തേടിക്കൊണ്ട് യുക്രൈനിയൻ പ്രസിഡന്‍റ് വികാരഭരിതമായ പ്രസംഗമാണ് നടത്തിയത്. ലോകമേ, ഇടപെടൂ, എന്നാണ് ലോകരാജ്യങ്ങളോട്, വിശേഷിച്ച് യൂറോപ്യൻ രാജ്യങ്ങളോട് അടിയന്തരസഹായം തേടി യുക്രൈൻ ആവർത്തിച്ചാവശ്യപ്പെട്ടത്.