കുടുംബശ്രീ രജത ജൂബിലി ആഘോഷം ‘ഓണാരവം’ കീഴരിയൂരിൽ പ്രശസ്ത സിനിമാ താരം നിർമ്മൽ പാലാഴി ഉദ്ഘാടനം ചെയ്തു

കീഴരിയൂർ: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങൾ കീഴരിയൂരിൽ ഓണാരവം എന്ന പേരിൽ ആരംഭിച്ചു.പ്രശസ്ത സിനിമാ താരം നിർമ്മൽ പാലാഴി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൻ വിധു പി.എം.അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിർമ്മല വിപണനമേള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് എൻ.എം.സുനിൽ ശോഭകാരയിൽ, ആതിര രജീഷ് എന്നിവർ സംസാരിച്ചു.

വിനോദ് ആതിര രചിച്ച ഓണാരവം തീം സോങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രകാശനം ചെയ്തു. ഓണം വിപണനമേളയിൽ ഒരുക്കിയ വിവിധ സ്റ്റാളുകൾ കാലത്ത് 10 മണി മുതൽ രാത്രി 9 മണി വരെയുണ്ട്. സിവിൽ സപ്ലൈസ്, കൃഷി, ആരോഗ്യം എന്നിവയുടേതും സർഗ്ഗാലയ ഇരിങ്ങൽ, ഹരിത കർമ്മ സേന എന്നിവയുടെയും പ്രദർശനം ഉണ്ട്. വൈവിദ്ധ്യമേറിയ പലഹാരങ്ങൾ, പായസം, അച്ചാറുകൾ, അവിലോസ് പൊടി, അരിയുണ്ടകൾ എന്നിവയും റെഡിമെയ്ഡുകൾ, കരകൗശലങ്ങൾ, കളിപ്പാട്ടങ്ങൾ, ഫാൻസികൾ എന്നിവയുടെ വിവിധ കുടുംബശ്രീ സ്റ്റാളുകളും ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്.

വിപുലമായ പുസ്തകചന്തയിൽ നിന്നും വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാം. ഹോർട്ടികോർപ്പിൻ്റെ പച്ചക്കറി ചന്തയും ഉണ്ട്. പച്ചക്കറിത്തൈകളും വിത്തുകളും സൗജന്യ നിരക്കിൽ ലഭിയ്ക്കും. വൈകുന്നേരങ്ങളിൽ പ്രശസ്തരായ കലാകാരന്മാരും പ്രാദേശിക കലാകാരികളും അവതരിപ്പിക്കുന്ന പരിപാടികളും നടക്കുന്നു. സപ്തംബർ 5ന് മെഗാ തിരുവാതിരയും മൽസര അടിസ്ഥാനത്തിലുള്ള ഘോഷയാത്രയും വൈകുന്നേരം 5 മണിയോടെ നടക്കും. തുടർന്ന് വള്ളത്തോൾ ഗ്രന്ഥാലയം ഗ്രൗണ്ടിൽ മെഗാ ഒപ്പനയും നടക്കും. കുടുംബശ്രീയുടെ രജത ജൂബിലിയുടെ ഉദ്ഘാടനം 7 മണിയോടെ ടി.പി.രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിയ്ക്കും. തുടർന്ന് മധുലാൽ കൊയിലാണ്ടി, രമേശ് കാപ്പാട് എന്നിവരുടെ നേതൃത്വത്തിൽ മെഗാ സ്റ്റേജ് ഷോയും നടക്കും.

Comments

COMMENTS

error: Content is protected !!