കുട്ടനാടന്‍ താറാവുകള്‍ ചിതയിലേയ്ക്ക്; കര്‍ഷകര്‍ക്ക് കണ്ണീരിന്റെ പുതുവര്‍ഷം

ആലപ്പുഴ: താറാവു കർഷകർക്ക് ഇത് കണ്ണീരിന്റെ പുതുവർഷം. കൊറോണ വൈറസ് വരുത്തിയ​‍ പ്രതിസന്ധകള്‍ക്കിടെ കരകയറാനുള്ള ശക്തമായ ശ്രമങ്ങള്‍ തുടരുന്നതിനിടെ താറാവുകർഷകരുടെ മേൽ ഇടിത്തീപോലെ വന്നുവീണിരിക്കുകയാണ് പക്ഷിപ്പനി. രോഗം കൂടുതൽ വ്യാപിക്കാതിരിക്കാൻ പക്ഷിപ്പനി കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ മുഴുവൻ ചുട്ടു കൊല്ലുമെന്നും ഏകദേശം 35,000 പക്ഷികളെ കൊല്ലേണ്ടിവരുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

കുട്ടനാട് മേഖലയിൽ ചത്തതിൽ ഭൂരിഭാഗവും 20–40 ദിവസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളാണ്. ഇവയെ ഈസ്റ്റർ സീസൺ ലക്ഷ്യമാക്കിയാണ് വളർത്തിയിരുന്നത്. കോവിഡിൽ ഇടിഞ്ഞ താറാവ് വിപണി മെല്ലെ കരകയറി വരുമ്പോഴാണ് വീണ്ടും രോഗം ബാധിക്കുന്നത്.ദേശാടനപ്പക്ഷികൾ വഴിയാകാം പക്ഷിപ്പനി പടർന്നതെന്ന് തിരുവല്ല മഞ്ഞാടി പക്ഷിനിരീക്ഷണ കേന്ദ്രം അധികൃതർ പറയുന്നു.

മുന്‍പ് 2016ലും താറാവുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയില്‍ ആയിരത്തിനു മുകളിലുണ്ടായിരുന്ന കർഷകരിൽ പകുതിയോളം പേരും ഈ രംഗം വിട്ടിരുന്നു. നിലവിൽ ആലപ്പുഴ ജില്ലയിൽ പതിനായിരത്തിനു മുകളിൽ താറാവുകളുള്ള കർഷകരുടെ എണ്ണമെടുത്താൽ അത് നൂറിൽ താഴെയേയുള്ളൂ. 2016ൽ നാശംവിതച്ച, എച്ച്5 എൻ8 വിഭാഗത്തിൽപ്പെട്ട വൈറസ് പരത്തുന്ന പക്ഷിപ്പനിയാണ് ഇത്തവണയും കുട്ടനാട് മേഖലയിൽ വ്യാപിക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്നു മ‍ൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി താറാവുകൾ ചത്തത്. ഡിസംബർ 19 മുതലാണ് പള്ളിപ്പാട്ടും തകഴിയിലും താറാവുകളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. രണ്ടാഴ്ച പിന്നിടുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലായി 30,000ൽ അധികം താറാവുകൾ ചത്തു.

2014ൽ കുട്ടനാട്ടിൽ ദുരന്തസമാനമായ സ്ഥിതിയുണ്ടായതിനെ തുടർന്ന് രോഗബാധ കണ്ടെത്തിയ മേഖലയ്ക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ താറാവുകളെയും അന്ന് കൊന്നൊടുക്കിയിരുന്നു. മൂന്നുലക്ഷം താറാവുകളെയും രണ്ടരലക്ഷം മുട്ടകളും 4700 കിലോ തീറ്റയും അന്ന് നശിപ്പിച്ചു. 231 കർഷകർക്കായി 3.82 കോടി രൂപ നഷ്ടപരിഹാരം നൽകിയതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് 2016ലും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ ആറുലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കി. ഒന്നരലക്ഷത്തോളം മുട്ടകളും 9000 കിലോ തീറ്റയും അന്നു നശിപ്പിച്ചു. 97 കർഷകർക്കായി എട്ടു കോടി രൂപയ്ക്കു മുകളിൽ നഷ്ടപരിഹാരം നൽകി.

Comments

COMMENTS

error: Content is protected !!