മാലിന്യ നിർമ്മാർജ്ജന പദ്ധതികൾക്ക് ആക്കം കൂട്ടണം – മന്ത്രി ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: ജില്ലാഭരണകൂടം ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്  പുതിയ മാനം നല്‍കി മുന്നോട്ടു പോവുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ക്രാഡില്‍ പദ്ധതിപ്രകാരം ഘട്ടം ഘട്ടമായി എല്ലാ അങ്കണവാടികളുടേയും നിലവാരം മെച്ചപ്പെടുത്തും.   ഭിന്നശേഷി ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും , അടിസ്ഥാനസൗകര്യം വിപുലീകരിക്കാനുമുളള നടപടിയുണ്ടാവും.  മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും അവര്‍ക്ക് കൂടിച്ചേരാനുളള പൊതുഇടങ്ങളുടെ പ്രവര്‍ത്തനവും മികച്ച നിലയിലാക്കും. ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ എത്തുന്നവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പെട്ടെന്ന് നിര്‍വ്വഹിച്ചുകൊടുക്കാന്‍ പുതിയ ഭരണസാരഥികള്‍ക്ക് കഴിയണം. വീടില്ലാത്ത  മുഴുവന്‍ ആളുകള്‍ക്കും ലൈഫ് പദ്ധതിയില്‍ 2021 മാര്‍ച്ച് മാസത്തോടെ വീട് നിര്‍മ്മിച്ചുനല്‍കുകയാണ് ലക്ഷ്യം.

ഭിന്നശേഷി, പാലിയേറ്റീവ് മേഖലകളില്‍ ഏറ്റവും ആവശ്യമായ രീതിയിലുളള ജനകീയ ഇടപെടലുകളും ത്രിതല പഞ്ചായത്തുകളുടെ ഇടപെടലുകളും ഉണ്ടാവുന്ന രീതിയിലായിരിക്കണം  പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു. നിലവിലുളള 2020 -2021  വാര്‍ഷിക പദ്ധതികള്‍ ഫിബ്രുവരി  28നകം  പൂര്‍ത്തീകരിക്കണം.   പ്രവാസി സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ശ്രമം തുടരും. ജില്ലയിലെ  മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് ആക്കംകൂട്ടണം. ഓരോ പഞ്ചായത്തും മാലിന്യസംസ്‌ക്കരണം കാര്യക്ഷമമാക്കണം.

നിശ്ചിതകാലയളവിനുളളില്‍ മാലിന്യസംസ്‌ക്കരണം ഉറപ്പാക്കണം. കാര്‍ഷികമേഖലയെ  പ്രോത്സാഹിപ്പിക്കുതിനുളള  സുഭിക്ഷകേരളം , ക്ഷീരവികസനം  തുടങ്ങി എല്ലാ മേഖലകളുടേയും വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ജനപ്രതിനിധികളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 6ന് വിക്‌ടേഴ്‌സ് ചാനല്‍വഴി ഓണ്‍ലൈനായി സംവദിക്കുമെും അദ്ദേഹം അറിയിച്ചു. വടകര, തൂണേരി, കുന്നുമ്മല്‍, തോടൂര്‍, മേലടി, പേരാമ്പ്ര, ബാലുശ്ശേരി ബ്ലോക്ക് പരിധിയില്‍പ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും, സെക്രട്ടറിമാരും പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!