SPECIAL

കുട്ടികള്‍ക്കും വേണം ദിനചര്യകള്‍

”ഒരു രോഗാണുവിനെ മറ്റൊരണുവിനെക്കൊണ്ടു നാമാവശേഷമാക്കുന്ന പ്രക്രിയയാണ് ആന്റിബയോട്ടിക് ചെയ്യുന്നത്”

കോവിഡുകാലം കുട്ടികളുടെ ദിനചര്യകളി ല്‍ വളരെയേറെ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തെറ്റായ ദിനചര്യകള്‍ കുട്ടികളുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കാനിടയുണ്ട്. അതിനാല്‍ കോവിഡ്കാലം കുട്ടികളുടെ ദിനചര്യകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാവുന്നതാണ്.

ജീവിതത്തിന്റെ അടിസ്ഥാനം
ദിനചര്യകള്‍ ആരോഗ്യജീവിതത്തിന്റെ അടിസ്ഥാനമാണ്. ആരോഗ്യകരമായ ചര്യകള്‍ കുട്ടിക്കാലം മുതല്‍ ശീലിക്കണം. വ്യക്തിത്വ വികാസത്തിനും ദിനചര്യകള്‍ സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ലഭിക്കുന്നതോടൊപ്പം ആയുസ് വര്‍ധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും മാതൃകാപരമായ ദിനചര്യകള്‍ സഹായിക്കും. രാത്രി നേരത്തെ ഉറങ്ങി, നേരത്തേ ഉണരണമെന്ന് വീട്ടിലെ പ്രായമായവര്‍ പറയുമ്പോള്‍ കുട്ടികള്‍ ചിരിച്ചുതള്ളാറാണ് പതിവ്. എന്നാല്‍ പുലരുന്നതിനുമുമ്പേ ഉറക്കമുണരുന്നതാണ് ഉന്മേഷത്തിനും, ആരോഗ്യത്തിനുമുള്ള ‘ഒറ്റമൂലി’. ആരോഗ്യ സംരക്ഷണത്തിന് രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.

വ്യായാമം മനസിനും ശരീരത്തിനും

ശരീരത്തിനൊപ്പം മനസിനും വ്യായാമം അത്യാവശ്യമാണ്. ആരോഗ്യമുള്ള മനസാണല്ലോ ആരോഗ്യമുള്ള ശരീരത്തിനും ആവശ്യം. പുലര്‍ച്ചെ ഉറക്കമുണര്‍ന്നാല്‍ മാത്രംപോരാ, അടുക്കും ചിട്ടയും ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുകയും വേണം. എഴുന്നേറ്റാല്‍ ഉടന്‍ തലേന്നു രാവിലെ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണം. മരുന്നില്ലാതെ മറവിയെ അകറ്റിനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. കുട്ടികള്‍ക്ക് ബുദ്ധിശക്തിയും, ഓര്‍മശക്തിയും ഒരുപോലെ പ്രദാനം ചെയ്യുന്നു ഈ ലഘുവ്യായാമം. ഏതു പ്രായക്കാര്‍ക്കും ഈ മനോവ്യായാമം ചെയ്യാവുന്നതാണ്. ഇതിനുശേഷം മലമൂത്രവിസര്‍ജനം നടത്താം.

ദന്തശുദ്ധിവരുത്താം

അടുത്തത് പല്ല് വൃത്തിയാക്കലിന്റെ ഘട്ടമാണ്. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കുന്നത് വായില്‍ രുചി വര്‍ധിക്കുന്നതിനും, ദുര്‍ഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. കരിങ്ങാലി, വേപ്പ്, നീര്‍മരുത് എന്നിങ്ങനെ ചവര്‍പ്പും, എരിവും രസങ്ങളുള്ള വൃക്ഷങ്ങളുടെ ചെറിയ കമ്പുകള്‍ ഉപയോഗിച്ച് പല്ലുതേയ്ക്കുന്നതാണ് ശരിയായ രീതി. കമ്പെടുത്ത് അഗ്രം ചതച്ച് ബ്രഷ്‌പോലാക്കിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്നു പലര്‍ക്കും ഇവയെന്താണെന്നുപോലും അറിയില്ല. അങ്ങാടിക്കടകളില്‍ ഇവ ലഭ്യമാണ്. പല്ലിന്റെ ഇനാമിലിനു കേടു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാഠിന്യമുള്ള നാരുള്ള ബ്രഷ്, ഉപ്പ്, കരി എന്നിവ പല്ലുതേയ്ക്കാന്‍ ഉപയോഗിക്കരുത്. പല്ലുതേച്ചശേഷം നാവ് വൃത്തിയാക്കണം. ശ്വാസോച്ഛ്വാസത്തിന് തടസം നില്‍ക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

കുളി ഒഴിവാക്കരുത്

ദിവസേന എണ്ണതേച്ച് കുളിക്കുന്നതിലൂടെ ശരീരക്ഷീണവും, ഉറക്കമില്ലായ്മയും മാറിക്കിട്ടും. ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും തലയിലും ശരീരത്തിലും നല്ലതുപോലെ എണ്ണതേച്ച് കുളിക്കണം. ചെവിയില്‍ എണ്ണനിര്‍ത്താനും, കാല്‍പ്പാദങ്ങളില്‍ എണ്ണ പുരട്ടാനും ശ്രദ്ധിക്കണം. തലയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ഞരമ്പുകള്‍ക്ക് പ്രസരിപ്പും, മസ്തിഷ്‌ക്കത്തിന് ഉന്മേഷവും കൈവരുന്നു. എണ്ണതേച്ച് അരമണിക്കൂറിനു ശേഷം താളിയിട്ട് കുളിക്കണം. തലയിലെ ചൂടിനെ അകറ്റി തണുപ്പ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നതിലൂടെ ശരീരത്തിന് മുഴുവന്‍ പ്രസരിപ്പും തലയോട്ടിയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനവും ലഭിക്കും.

തലയിലെ നീരിറക്കം കുറയ്ക്കുന്നതിനും, തലമുടിയുടെ ആരോഗ്യത്തിനും എണ്ണതേച്ചുള്ള കുളി അത്യാവശ്യമാണ്. അല്ലാത്തവര്‍ക്ക് ഭാവിയില്‍ വാതരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ദഹനക്കേടുള്ളവരും, കഫം വര്‍ധിച്ചിരിക്കുന്നവരും എണ്ണ ദേഹത്തും, തലയിലും തേയ്ക്കാന്‍ പാടില്ല. കുളികഴിഞ്ഞ് മുടിയില്‍ എണ്ണ തേയ്ക്കുന്നതും കുളിക്കുന്നതിനുമുമ്പ് എണ്ണവയ്ക്കാതിരിക്കുന്നതും നല്ല ശീലമല്ല. തലമുടി പൊട്ടിപ്പോകുന്നതിനും മറ്റും ഇത് കാരണമാകും. ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് നല്ലതല്ല. തലയില്‍ തണുപ്പുമാറിയ വെള്ളവും, കഴുത്തിന് താഴേയ്ക്ക് ചൂടുവെള്ളവും ഉപയോഗിച്ചുവേണം കുളിക്കാന്‍.

വ്യായാമം നിര്‍ബന്ധം

കുട്ടികളാകുമ്പോള്‍ പ്രത്യേകം വ്യായാമത്തിന്റെ കാര്യമില്ല. ഓട്ടവും ചാട്ടവും കളികളുമായി ജീവിതത്തിന്റെ ഭാഗാമായിത്തന്നെ വ്യായാമവുമുണ്ടാവും. എന്നാല്‍ ഇതൊന്നുമില്ലാതെ പഠനത്തിന്റെ പിന്നാലെ മാത്രം പോകുന്ന കുട്ടികള്‍ വ്യായാമത്തിനു വേണ്ടി അല്‍പ സമയം നീക്കി വയ്ക്കുന്നതുകൊണ്ട് തെറ്റില്ല.

വണ്ണം ഉള്ളതോ, ഇല്ലാത്തതോ അല്ല ആരോഗ്യത്തിന്റെ ലക്ഷണം. കരുത്താണ് പ്രധാനം. ദഹനശക്തി വര്‍ധിപ്പിച്ച് അമിതവണ്ണവും, ദുര്‍മേദസും ഇല്ലാതാക്കാന്‍ വ്യായാമം സഹായിക്കുന്നു. തണുപ്പുകാലത്ത് പുതപ്പിനുള്ളില്‍ ചുരുട്ടുകൂടിക്കിടന്ന് ഉറങ്ങുന്നത് ശരിയല്ല. വ്യായാമത്തിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ച ശരീരത്തെ രോഗങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നു. മറ്റ് കാലാവസ്ഥകളില്‍ ലഘുവായ വ്യായാമമാണ് ചെയ്യേണ്ടത്. ത്വക്കിന് മിനുസവും, തിളക്കവും ലഭിക്കുന്നതിനും വ്യായാമം ഫലപ്രദമാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button