മകന്റെ വിശപ്പടക്കാന്‍അധ്യാപികയോട് 500 രൂപ കടം ചോദിച്ചത് ഫെയ്സ് ബുക്ക് പോസ്റ്റിലിട്ടു; കിട്ടിയത് 51 ലക്ഷം രൂപ

മകന്റെ വിശപ്പടക്കാന്‍ 500 രൂപ കടം ചോദിച്ച അമ്മയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ 51 ലക്ഷം രൂപ ലഭിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായം ലഭിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകന്റെ വിശപ്പടക്കാന്‍ അധ്യാപികയോട് 500 രൂപ ചോദിച്ചതാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്.

ഇവരുടെ ദുരിതത്തെ കുറിച്ച് വട്ടേനാട് സ്‌കൂളിലെ ഗിരിജ ടീച്ചറിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകള്‍ സഹായവുമായി എത്തിയത്. രോഗബാധിതനായ 17കാരന്‍ മകന്‍ ഉള്‍പ്പടെ മൂന്ന് കുട്ടികളാണ് സുഭദ്രയ്ക്കുള്ളത്.
അഞ്ച് മാസം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ഇവരുടെ ഏക ആശ്രയവും ഇല്ലാതെയായി. രണ്ട് മക്കളെയും മകന്റെ കാവല്‍ ഏല്‍പ്പിച്ചിട്ടാണ് സുഭദ്ര കൂലിപ്പണിക്ക് പോകുന്നത്. പൊളിഞ്ഞുവീഴാറായ കൂരയിലാണ് ഇവര്‍ താമസിക്കുന്നത്. ജീവിതം മുന്നോട്ട് തള്ളിനീക്കാന്‍ യാതൊരു വഴിയും കാണാതെ വന്നപ്പോഴാണ് ഗിരിജ ടീച്ചറോട് സഹായം ചോദിച്ചത്.

സഹായമായി ചോദിച്ച തുക നല്‍കിയ ശേഷം ടീച്ചര്‍ ഇവരുടെ ദുരിതജീവിതം സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. സുഭദ്രയുടെ നിസഹായാവസ്ഥ കണ്ട സുമനസുകള്‍ അകമഴിഞ്ഞ് സഹായിച്ചതോടെയാണ് കഷ്ടപ്പാടിന് അറുതിവരുന്നത്. പാതിവഴിയിലായ വീട് പണിയും മകന്റെ തുടര്‍ ചികിത്സയും ഈ പണം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് സുഭദ്ര.

Comments

COMMENTS

error: Content is protected !!