SPECIAL
കുട്ടികള്‍ക്ക് മില്‍മയുടെ മധുരമുള്ള പാല്‍ ; പോഷകാഹാര കുറവ് പരിഹരിക്കാന്‍ പദ്ധതിയുമായി സാമൂഹിക ക്ഷേമ വകുപ്പ്
കോഴിക്കോട്: ആരോഗ്യരംഗത്ത് എന്നും മുന്‍പന്തിയില്‍ നിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുള്ള കുട്ടികളില്‍ 18.5 ശതമാനം പേര്‍ക്ക് തൂക്കകുറവും 19.4 ശതമാനം പേരില്‍ വളര്‍ച്ച മുരടിപ്പുമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജനിച്ച് 1000 ദിവസങ്ങള്‍ കഴിഞ്ഞ കുട്ടികളിലാണ് ഈ വളര്‍ച്ച മുരടിപ്പ് കാണുന്നത്. പോഷകാഹാര കുറവ് മൂലമാണ് പ്രധാനമായും ഇത് സംഭവിക്കുന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഇത്തരത്തില്‍ കുട്ടികളില്‍ കാണുന്ന വളര്‍ച്ച മുരടിപ്പും തൂക്കകുറവും ഇല്ലാതാക്കുന്നതിനായി കേരള സാമൂഹിക ക്ഷേമവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തുകയാണ്.
സംസ്ഥാനത്തെ മുഴുവന്‍ അങ്കണ്‍വാടികളിലും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌ക്കൂളിലേയും കുട്ടികള്‍ക്കായി പാല്‍ നല്‍കാനാണ് തീരുമാനം. പുത്തന്‍ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കിയ മറ്റൊന്നും ചെയ്യാതെ നേരിട്ട് കുടിക്കാന്‍ കഴിയുന്ന തരത്തിലാണ് പാല്‍ തയ്യാറാക്കിയിരിക്കുന്നത. വിറ്റാമിനും മധുരവുമുള്ള ഈ പാല്‍ തയ്യാറാക്കുന്നത് മില്‍മയാണ്.
‘മില്‍മ ഡിലൈറ്റ്’ എന്ന പേരിലാണ് മില്‍മ ഈ പാല്‍ തയ്യാറാക്കുന്നത്. മില്‍മയുടെ മറ്റ് ഉപ ഉല്‍പന്നങ്ങളായ സംഭാരം, ലസ്സി എന്നിവയെ പോലെ നേരിട്ട് ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കും ‘മില്‍മ ഡിലൈറ്റ്’ എന്ന് മില്‍മ എം.ഡി കെ.എം വിജയകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ 90 ദിവസം കേടുകൂടാതെ സുക്ഷിക്കാന്‍ കഴിയുന്നതാണ് ഡിലൈറ്റ് പാലുകള്‍. 140 ഡിഗ്രിയില്‍ ചൂടാക്കുന്ന പാല്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവ ചേര്‍ത്ത് പൂര്‍ണമായി അണുവിമുക്തമാക്കി അഞ്ച് പാളികളുള്ള പ്രത്യേക പാക്കറ്റിലാക്കിയാണ് വിപണിയില്‍ എത്തിക്കുക. മറ്റ് പാല്‍ ഉല്‍പന്നങ്ങളെ പോലെ ‘മില്‍മ ഡിലൈറ്റ്’ തണുപ്പിച്ച് സൂക്ഷിക്കേണ്ട കാര്യമില്ല. അതി കൊണ്ട് തന്നെ ഏത് മേഖലയിലും ഈ പാല്‍ ഉപയോഗിക്കാനും സൂക്ഷിക്കാനും കഴിയും.
സംസ്ഥാന സാമൂഹിക നീതി വകുപ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പാണ് പദ്ധതിയുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പദ്ധതി ഓദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മില്‍മ ഉല്‍പന്നം നല്‍കുന്നവര്‍ മാത്രമാണെന്നും മറ്റ് അറിയിപ്പുകള്‍ സാമൂഹിക ക്ഷേമ വകുപ്പാണ് നടത്തേണ്ടതെന്നും മില്‍മ എം.ഡി കെ.എം വിജയകുമാര്‍ പറഞ്ഞു.
Comments