കുട്ടികൾക്ക് സ്‌കൂളിന്റെ വക ആടുകൾ; കാറ്റ് കശക്കിയ വീടുകളിൽ അതിജീവനത്തിന് കൈത്താങ്ങ്

താമരശ്ശേരി: കാറ്റ് കശക്കിയ വീടുകളിൽ വീണ്ടും താമസമാരംഭിച്ച കുടുംബങ്ങളിലെ കുട്ടികൾക്ക് സ്‌കൂളിന്റെ വക അതിജീവനത്തിന്റെ കൈത്താങ്ങ്. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിലെ എളോത്തുകണ്ടി എ.കെ.ജി. കോളനിയിലെ പതിനഞ്ച് കുട്ടികൾക്കാണ് അവർ പഠിക്കുന്ന കൂടത്തായ് സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ താങ്ങായത്. കുട്ടികൾക്ക് സ്വന്തമായി വരുമാനമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഓരോ ആടിനെ നൽകിയാണ് തുണയായത്.

 

ഒരുവയസ്സിനുമുകളിൽ പ്രായമുള്ള ആടുകളെയാണ് കുട്ടികൾക്ക് നൽകിയത്. എല്ലാം പെണ്ണാടുകൾ. ആടുകൾ പ്രസവിക്കുന്നതോടെ ഇവയെ പോറ്റുന്ന കുട്ടികൾക്ക് ചെറിയ വരുമാനമാർഗമാകുമെന്നാണ് പ്രതീക്ഷ. ഇത്തവണത്തെ പ്രളയകാലത്ത് വീശിയ അതിശക്തമായ കാറ്റ് കോളനിയിലെ ഭൂരിഭാഗം വീടുകളെയും കശക്കിമറിച്ചിരുന്നു. പല വീടുകളുടെയും മേൽക്കൂര പറന്നുപോയി. കുറെദിവസം കോളനിയിലെ കുടുംബങ്ങൾ വെഴുപ്പൂർ എ.എൽ.പി. സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ്‌ കഴിഞ്ഞത്. കവുങ്ങുകൾ കീറി മേൽക്കൂരയുണ്ടാക്കി ഫ്ലെക്‌സ് ഷീറ്റുകൾ മേഞ്ഞ് താത്‌കാലികമായി താമസയോഗ്യമാക്കിയാണ് കുടുംബങ്ങൾ വീണ്ടും ജീവിതം തുടങ്ങിയത്. ഭൂരിഭാഗം വീടുകളും ഇപ്പോഴും അടച്ചുറപ്പില്ലാതെയാണുള്ളത്.

 

അധ്യാപകരുടെ നേതൃത്വത്തിൽ ഒരുലക്ഷം രൂപയോളം സമാഹരിച്ചാണ് കുട്ടികൾക്ക് ആടുകളെ വാങ്ങിനൽകിയത്. അധ്യാപകരും പി.ടി.എ. ഭാരവാഹികളും ചേർന്ന ആടുകളെ കോളനിയിലെത്തിച്ച് വിദ്യാർഥികളെ ഏൽപ്പിച്ചു. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ ഉദ്ഘാടനം ചെയ്തു. വാർഡംഗം ബിന്ദു ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ.ഡി. ഷൈലജ, റെജി ജെ. കരോട്ട്, പി.ടി.എ. പ്രസിഡന്റ് കെ.പി. സദാശിവൻ, ടി.എ. സെബാസ്റ്റ്യൻ, വി. സുദേഷ്, ബി.ആർ. ബെജി, പി.പി. ഹരിദാസൻ എന്നിവർ സംബന്ധിച്ചു.
Comments

COMMENTS

error: Content is protected !!