കുട്ടിപ്പുലിക്കളി,കുട്ടികൾ തീർത്ത നിറക്കളങ്ങൾ, പിന്നെ പൂക്കളങ്ങളും

 


പൊയിൽക്കാവ്: കോവിഡ് കാലത്തെ അടച്ചിടൽ കാലത്ത് ബാക്കിയായ ആഹ്ളാദക്കടങ്ങൾ വീട്ടി, സ്കൂളുകളിൽ വർണ്ണാഭമായ ഓണാഘോഷങ്ങൾ. പൊയിൽക്കാവ് യു പി യിലെ കുട്ടികൾ, ഏഴ് വ്യത്യസ്ത വർണ്ണങ്ങളിൽ വസ്ത്രങ്ങളണിഞ്ഞാണ് സ്കൂളിലെത്തിയത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾ ഏഴ് വർണ്ണങ്ങളിൽ സ്കൂളിലെത്തിയതോടെ സ്കൂളിലെ ഓണാഘോഷം വർണങ്ങളുടെ ഉത്സവമായി.

പിങ്ക്, മഞ്ഞ, നീല, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളിൽ ക്ലാസടിസ്ഥാനത്തിൽ വസ്ത്രങ്ങൾ ധരിച്ചെത്തിയ കുഞ്ഞുങ്ങൾ വ്യത്യസ്ത പാറ്റേണിൽ സ്കൂൾ മുറ്റത്ത് അണിനിരന്നപ്പോൾ, അത് മനോഹരമായ കുട്ടിക്കളങ്ങളായി. സംഗീതത്തിനൊപ്പം ചലനാത്മകമായിരുന്നു കുട്ടിക്കളങ്ങൾ. ‘കളർ കിഡ്സ് ഡയഗ്രം, മണ്ണിൽ വിസ്മയം തീർത്ത്, നിറങ്ങളിൽ ആറാടി. കൊറോണ മാസ്ക് മാറ്റി കുട്ടികൾ തന്നെ നിറം തേച്ച പുലി മാസ്കുകൾ കെട്ടി, കൊട്ടിയാടിയ വർണപ്പുലിക്കുട്ടികളെ കൊണ്ട് സ്കൂൾ മുറ്റം ആർപ്പുവിളികളുടെ ആനന്ദക്കൂട്ടമായി. രക്ഷിതാക്കൾക്കൊപ്പം അധ്യാപികമാരും പങ്കെടുത്ത ഒപ്പന, വടംവലി, പൂക്കളം, ഓണസദ്യ എന്നിവയും സ്കൂളിലെ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

Comments

COMMENTS

error: Content is protected !!