ബുള്ളറ്റും പണവും മോഷ്ടിച്ച യുവാവ്‌ പിടിയിൽ

കോഴിക്കോട്‌ : ബുള്ളറ്റ്‌ ഷോറൂം കുത്തിത്തുറന്ന്‌ ബുള്ളറ്റും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം താനൂരിനടുത്ത്‌ ഒഴൂർ കോനാട്ട്‌ പൈനാട്ട്‌ വീട്ടിൽ പി നൗഫലിനെ(20)യാണ്‌ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ ടൗൺ സിഐ എ ഉമേഷിന്റെ നേതൃത്വത്തിലുള്ള  സംഘം പിടികൂടിയത്‌.
കഴിഞ്ഞ സെപ്‌തംബർ 19ന്‌ പുലർച്ചെ മൂന്നിനായിരുന്നു  സംഭവം. സി എ ജുനൈദിന്റെ ഉടമസ്ഥതയിലുള്ള ഫ്രാൻസിസ്‌ റോഡിലെ ‘ബ്ലൂ മൗണ്ടൻ ഓട്ടോസ്‌’ റോയൽ എൻഫീൽഡ്‌ ഷോറൂമിൽ നിന്നാണ്‌ ഒരു ബുള്ളറ്റ്‌ ബൈക്കും 1.6 ലക്ഷം രൂപയും പ്രതി മോഷ്ടിച്ചത്‌.
ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന്‌ മുഖവും ചലനവും നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ സമാനമായ രീതിയിൽ പെരിന്തൽമണ്ണയിലെ ബുള്ളറ്റ്‌ ഷോറൂമിലും കളവ്‌ നടത്തിയിരുന്നു.
 സെപ്‌തംബർ 16ന്‌ പരപ്പനങ്ങാടി ജയിലിൽനിന്നിറങ്ങിയ പ്രതി 19ന്‌ പുലർച്ചെ കോഴിക്കോട്ടെത്തിയാണ്‌ കവർച്ച നടത്തിയത്‌. പിന്നീട്‌ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ  ആർഭാട ജീവിതം നയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതി രൂപമാറ്റം നടത്തി.
സൗത്ത്‌ അസി. കമീഷണർ എ ജെ ബാബുവിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തിയത്‌. ടൗൺ എസ്‌ഐ ബിജിത്ത്‌, സ്പെഷ്യൽ സ്ക്വാഡ്‌ അംഗങ്ങളായ ഇ മനോജ്‌, കെ അബ്ദുൾ റഹിമാൻ, റൺദീർ, രമേഷ്‌ബാബു, സി കെ സുജിത്‌, പി ഷാഫി, ടൗൺ പൊലീസ്‌ സ്‌റ്റേഷനിലെ ഷബീർ, ഉദയൻ, ബിനിൽ, സതീശൻ എന്നിവരാണ്‌   സംഘത്തിലുണ്ടായിരുന്നത്‌.
Comments

COMMENTS

error: Content is protected !!