കുഴൽപ്പണ കേസ്. കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ്
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ പൊലീസ് നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.
ചോദ്യംചെയ്യലിന് ഹാജരാകണോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്നും അതിന് ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും വ്യക്തമാക്കി.
3.5 കോടി രൂപ പിടിച്ചെടുത്തതില്‍ 3.25 കോടി ധര്‍മ്മരാജന്റേതും 25 ലക്ഷം രൂപ സുനില്‍ നായിക്കിന്റേതുമാണെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാല്‍ എന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സംശയങ്ങൾ ഉയരുകയാണ് ചെയ്തത്.
ഇത് കുഴല്‍പ്പണം തന്നെയാണെന്നും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് പണം കൊണ്ടുവന്നതെന്നും ഡിവൈഎസ് പി വി.കെ. രാജു കോടതില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.