കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍: ഇന്നലെ കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന്  മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കടുവയെ താമസിപ്പിക്കാനുള്ള കൂടും വെറ്റിനറി ഡോക്ടര്‍മാരേയും തൃശൂര്‍ മൃഗശാലയില്‍ സജ്ജമാക്കിയിരുന്നു. രാത്രിയോടെ കടുവയെ മാറ്റാനായി വാഹനത്തില്‍ കയറ്റി തൃശൂരേക്ക്കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോടുവച്ച് കടുവയുടെ മരണം സംഭവിച്ചത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും.  കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവ കണ്ടെത്തിയത്.

10 വയസുള്ള ആൺകടുവയാണ് ചത്തത്. ഇന്നലെ പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷ പ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു. കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാൽ കാട്ടിൽ തുറന്നു വിടില്ലെന്നുമാണ് ഡിഎഫ്ഒ ഇന്നലെ അറിയിച്ചത്.
Comments
error: Content is protected !!