കൂടുതൽ കുഞ്ഞുങ്ങൾക്ക് പിറവി നൽകാൻ വാഗ്ദാനങ്ങളുമായി രൂപത
കത്തോലിക്ക കുടുംബങ്ങളിൽ ജനസംഖ്യാ വർധനവിനെ പ്രോത്സാഹിപ്പിക്കാൻ സാമ്പത്തിക, വിദ്യഭ്യാസ സഹായവുമായി പാലാ രൂപത. സീറോ മലബാർ സഭയിലെ പാലാ രൂപതയ്ക്കു കീഴിലെ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്കു മാസം 1,500 രൂപ വീതം സഹായധനം വാഗ്ദാനം ചെയ്തു.
കഴിഞ്ഞ ദിവസം ഗ്രാൻഡ് പാരന്റസ് ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ മീറ്റിങ്ങിലാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പദ്ധതികൾ പ്രഖ്യാപിച്ചത്.
രണ്ടായിരത്തിനു ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് വഴി മാസം 1,500 രൂപ സാമ്പത്തിക സഹായം നൽകും.
ഒരു കുടുംബത്തിൽ നാലമാതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പാലായിൽ സ്കോളർഷിപ്പോടെ സൗജന്യ പഠനം ലഭിക്കും.
ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റി സൗജന്യമായി നൽകും.
ഈ മൂന്ന് കാര്യങ്ങളാണ് പ്രഖ്യാപിച്ചതെന്ന് പാലാ രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് കുറ്റിയാങ്കൽ പറഞ്ഞു. കേരളത്തിലെ പാലാ രൂപതയ്ക്കു കീഴിൽ വരുന്ന സീറോ മലബാർ സഭാ വിശ്വാസികൾക്കാണ് ഈ സഹായം ലഭിക്കുക. സഭയുടെ കീഴിൽ വരുന്ന കുടുംബങ്ങളുടെ കാര്യം നോക്കുന്ന വിഭാഗത്തിനാണ് ഇതിനുള്ള ചുതമല.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്ക്, കോട്ടയം താലൂക്കിലെ ചില ഭാഗങ്ങൾ, എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മുതൽ പിറവം വരെ വരുന്ന ഭാഗങ്ങൾ, ഇടുക്കി അറക്കുളം പഞ്ചായത്ത്, വെള്ളിയാമാറ്റം പഞ്ചായത്തിലെ കുറച്ച് ഭാഗം എന്നിവയാണ് പാല രൂപതയിൽ ഉൾപ്പെടുന്നത്. ഈ പ്രദേശത്തുള്ള സീറോ മലബാർ ക്രൈസ്തവർക്ക് മാത്രമാകും ഈ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയെന്ന് ഫാ.ജോസ് കുറ്റിയാങ്കൽ പറഞ്ഞു.
”പല വിധത്തിൽ കുടുംബങ്ങളെ പ്രമോട്ട് ചെയ്യുകയെന്ന ലക്ഷ്യമിട്ടാണ് പദ്ധതി തയാക്കിയിരിക്കുന്നത്. പരമ്പരഗാതമായി തന്നെ കൂടുതൽ കുട്ടികൾ വേണമെന്ന ചിന്തയാണ് സഭയ്ക്കും വിശ്വാസികൾക്കുമുള്ളത്. അതിനാലാണ് പ്രധാനമായും ഇതു ചെയ്യുന്നത്. മറ്റൊരു കാര്യം കോവിഡ് കാലമായതിനാൽ പലർക്കും സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അത് പരിഹരിക്കുക എന്ന ലക്ഷ്യവുമുണ്ട്,” ഫാ.ജോസ് കുറ്റിയാങ്കൽ അവകാശപ്പെട്ടു.
“ഞങ്ങളുടെ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. സമുദായത്തിന്റെ വളർച്ചാ നിരക്ക് കൂടിയില്ലെങ്കിലും നിലവിലുള്ള നിലയിലെങ്കിലും നിലനിർത്തുകയെന്നതാണ് ലക്ഷ്യം. കെസിബിസി തലത്തിൽ കൂടുതൽ കുട്ടികൾ വേണമെന്ന തീരുമാനമുണ്ട്. കമ്യൂണിറ്റി ഗ്രോത്ത് കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളുടെ എണ്ണം സ്റ്റെഡിയായെങ്കിലും നിൽക്കണം. അതിന്റെ ഭാഗമാണ് ഈ പദ്ധതികൾ. അതോടൊപ്പം സാമ്പത്തികമായി സഹായം കൊടുക്കണം എന്ന കാഴ്ചപ്പാടും സഭയ്ക്കുണ്ട്.”