കൂട്ടപ്പിരിച്ചുവിടലില്‍ ഖേദം പ്രകടിപ്പിച്ച് ബൈജൂസ് സി ഇ ഒ ബൈജു രവീന്ദ്രന്‍

ബൈജൂസ് സി ഇ ഒ ബൈജു രവീന്ദ്രന്‍ കൂട്ടപ്പിരിച്ചുവിടലില്‍ ഖേദം പ്രകടിപ്പിച്ചു. കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടല്‍ നയത്തിന്റെ ഭാഗമായി വിട്ടുപോകേണ്ടിവരുന്നവരോട് ഖേദം പ്രകടിപ്പിക്കുന്നതായും അത്രയും പേര്‍ ഒഴിഞ്ഞുപോകുന്നത് തന്റെ ഹൃദയത്തേയും തകര്‍ക്കുന്നതായും ജീവനക്കാര്‍ക്ക് അയച്ച ഇ- മെയിലില്‍ ബൈജു ചൂണ്ടിക്കാട്ടി. കമ്പനിയെ ലാഭത്തിലെത്തിക്കാനുള്ള വഴിയില്‍ വലിയ വില നല്‍കേണ്ടിവരുന്നുണ്ടെന്നും    പറഞ്ഞു.

ഉദ്ദേശിച്ചപോലെ എളുപ്പമായല്ല കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുകയാണ്. ശാന്തമായും ഫലപ്രദമായും നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എങ്കിലും ധൃതിയില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല. നിലവിലെ കമ്പനിയുടെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടാവില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
പിരിച്ചുവിടുന്ന ആളുകളെ ഭാവിയില്‍ തിരിച്ചെടുക്കുന്നതും കമ്പനിയുടെ ആദ്യ പരിഗണനകളില്‍ ഒന്നായിരിക്കുമെന്നും പുതുതായി നിലവില്‍ വരുന്ന തസ്തികകളില്‍ ഇവരെ പരിഗണിക്കാന്‍ എച്ച് ആര്‍ വിഭാഗത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്.

ഇന്ത്യന്‍ എഡ്യുടെക്ക് ഭീമനായ ബൈജൂസ് ആപ്പില്‍ പ്രവര്‍ത്തിക്കുന്ന 5% ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. ഇതിന്റെ ഭാഗമായി 2,500 പേര്‍ക്ക് ജോലി നഷ്ടമാകും. കമ്പനിയുടെ കേരളത്തിലെ ഓഫീസിലെ ജീവനക്കാരില്‍ 100 ഓളം പേരെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ട ജീവനക്കാര്‍ തൊഴില്‍ മന്ത്രി വി  ശിവന്‍കുട്ടിയെ കണ്ടിരുന്നെങ്കിലും കമ്പനിയുടെ കരാര്‍ വ്യവസ്ഥ പ്രകാരമാണ് പിരിച്ചുവിടലെന്ന് കമ്പനി വിശദീകരണം നല്‍കി.

Comments

COMMENTS

error: Content is protected !!