കൃഷിഭവനും മൃഗാശുപത്രിയും നിശ്ചലം;നഗരസഭക്ക് മിണ്ടാട്ടമില്ല
കൊയിലാണ്ടി: നഗരസഭയിലെ കര്‍ഷകര്‍ ഏറെ ബന്ധപ്പെടുന്ന കൃഷി ഭവനിലും മൃഗാശുപത്രിയിലും നാഥനില്ലാത്ത അവസ്ഥ. മൃഗാശുപത്രിയില്‍ വെറ്റിനറി സര്‍ജന്‍ പരിശീലനത്തിന്റെ പേരില്‍ അവധിയില്‍ പോയിട്ട് മൂന്ന് മാസമായി. ചെങ്ങോട്ടുകാവിലെ വെറ്റിനറി സര്‍ജന്‍ ആഴ്ചയില്‍ ഒരു ദിവസം ഇവിടെയെത്തി അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു പോകും. കൃഷി ഭവനില്‍ കൃഷി ഓഫീസറും,കൃഷി അസിസ്റ്റന്റുമടക്കമുളളവര്‍ അവധിയില്‍ പോയതോടെ ഓഫീസില്‍ ജീവനക്കാര്‍ ആരുമില്ലാത്ത അവസ്ഥയാണ്. നഗരസഭ താല്‍ക്കാലികമായി നിയമിച്ച ഒരാള്‍ മാത്രമാണ് ഇവിടെയിപ്പോള്‍ ഉളളത്.
വേനല്‍ക്കാല പച്ചക്കറി കൃഷിയും പുഞ്ചകൃഷിയും തുടങ്ങി ഒരു പാട് കാർഷിക പ്രവർത്തനങ്ങൾ നടക്കേണ്ട സമയത്താണ് കൃഷി ഭവനില്‍ നാഥനില്ലാതായത്. ഭൂമി തരം മാറ്റി കിട്ടുന്നതിനു വേണ്ടിയുളള നൂറ് കണക്കിന് അപേക്ഷകളില്‍,അന്വേഷണം നടത്തി ആര്‍ ഡി ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടത് കൃഷി ഓഫീസറാണ്. ഓഫീസര്‍ അവധിയില്‍ പോയതോടെ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയാതെ കെട്ടികിടക്കുന്നു.
ഒരു കൃഷി ഓഫീസറും മൂന്ന് കൃഷി അസിസ്റ്റന്റുമാണ് കൊയിലാണ്ടി കൃഷി ഭവനില്‍ വേണ്ടത്. എന്നാല്‍ ഒരു കൃഷി ഓഫീസറെയും ഒരു കൃഷി അസിസ്റ്റന്റിനെയും വെച്ചാണ് കുറച്ചുകാലമായി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നാലുമാസം മുമ്പേ അവിടെയുണ്ടായിരുന്ന കൃഷി അസിസ്റ്റന്റ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവധിയില്‍ പോയി. കൃഷി ഓഫീസറും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 21 മുതല്‍ അവധിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ഡാറ്റാ എന്‍ട്രി വർക്ക് നടത്തുന്ന ഒരു താല്‍ക്കാലിക ജീവനക്കാരി മാത്രമേ കൃഷിഭവനിലുള്ളൂ
.
തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഡേറ്റാബാങ്കില്‍ സ്ഥലം ഉള്‍പ്പെട്ടു പോയവരും വീടുകള്‍ പുതുക്കി പണിയേണ്ടവരും സ്ഥലം തരംമാറ്റി കിട്ടുന്നതിന് കൃഷി ഭവനില്‍ എത്തുന്നവരുമൊക്കെ ഇതോടെ ദുരിതത്തിലായി. ആര്‍ ഡി ഒയ്ക്ക് നല്‍കുന്ന ഇത്തരം അപേക്ഷകൾ അന്വേഷിച്ച് റിപ്പോർട്ട് നൽകേണ്ട കൃഷി ഓഫീസർ അനന്തമായി അവധിയിൽ പോയിട്ടും നഗരസഭയോ ബന്ധപ്പെട്ട അധികാരികളോ പകരം സംവിധാനമുണ്ടാക്കുന്നില്ല. ഡേറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കിക്കിട്ടിയാല്‍ മാത്രമേ വീട് നിര്‍മ്മാണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കുകയുളളു.
നഗരസഭ വികസന കാര്യ സ്ഥിരം സമിതിയുടെ മേല്‍നോട്ടത്തിലാണ് കൃഷി ഭവന്‍, മൃഗാശുപത്രി എന്നിവ. കൃഷി ഭവനില്‍ അവധിയ്ക്ക് പോയ കൃഷി ഓഫീസര്‍ക്ക് പകരം പുതിയ ഓഫീസര്‍ക്ക് ചാര്‍ജ് നല്‍കുന്ന കാര്യം അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്ന് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ എ ഇന്ദിര പറഞ്ഞു. മൃഗാശുസ്പത്രിയില്‍ വെറ്റിനറി സര്‍ജന്‍ ഉടന്‍ ചാര്‍ജെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.