കെഎസ്ആർടിസിയുടെ ശബരിമല സ്പെഷൽ സർവീസുകൾക്കെതിരെ വ്യാപക പരാതി
കെഎസ്ആർടിസിയുടെ ശബരിമല സ്പെഷൽ സർവീസുകൾക്കെതിരെ വ്യാപക പരാതി. കൊള്ള നിരക്കിന് പുറമെ പല നിരക്കുകൾ വാങ്ങുന്നു എന്നാണ് തീർഥാടകരുടെ ആരോപണം. എന്നാൽ ആരോപണങ്ങളിൽ കാര്യമില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
പതിനാറിന് വൈകീട്ട് ചെങ്ങന്നൂരിൽ നിന്ന് പമ്പയ്ക്കുള്ള കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിൽ ഈടാക്കിയ നിരക്ക് 11 രൂപ സെസും ചേർത്ത് 141 രൂപ. അതേ തീർഥാടകൻ 17 ന് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ടിക്കറ്റ് എടുത്തപ്പോൾ ഈടാക്കിയത് 180 രൂപ. ഒരേ റൂട്ടിലെ രണ്ട് സ്പെഷൽ സർവീസുകളുടെ ടിക്കറ്റ് നിരക്കിലെ വ്യത്യാസം 39 രൂപ.
പമ്പയിൽ നിന്നു പല ദീർഘ ദൂര സർവീസുകളിലും ടിക്കറ്റ് നിരക്ക് പലതരത്തിലാണ്. കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കി തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികൾക്കിടയിലാണ് പലതരം നിരക്കുകൾ. നിലയ്ക്കൽ പമ്പ ചെയ്ൻ സർവീസിലും അമിത നിരക്കാണെന്ന് ആരോപണമുണ്ട്. തീർത്ഥാടകരെ കൊള്ളയടിക്കുന്നു എന്ന് ആരോപിച്ച് ബിജെപി നിലയ്ക്കൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
തിരുവനന്തപുരം കൊട്ടാരക്കര പന്തളം ഡിപ്പോകളിൽ നിന്ന് സീസൺ അല്ലാത്ത സമയത്തും സ്ഥിരമായി സർവീസ് നടത്തിയിരുന്ന പമ്പ ബസുകളും മണ്ഡല കാലം തുടങ്ങിയതോടെ സ്പെഷൽ സർവീസുകളാക്കി. തീർഥാടകർക്കായി നിലക്കൽ പമ്പ സൗജന്യ സർവീസ് നടത്താൻ 20 മിനി ബസുകൾ ഓടിക്കാൻ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.