കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി കിണറ്റില്‍ വീണു. രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീണ രണ്ട് തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ചേവായൂര്‍ ശങ്കര്‍ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗല്‍ കോട്ടക്കുന്നില്‍ ഉണ്ണികൃഷ്ണന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വാര്‍പ്പ് ജോലിയ്ക്കിടെയാണ് അപകടം. കോഴിക്കോട് കാളൂര്‍ റോഡ് സ്വദേശി ജയന്‍ (55), ഒഡീഷ സ്വദേശി വിരാട് (30) എന്നിവരാണ് പലക പൊട്ടി വീണ് ആഴമേറിയ കിണറ്റില്‍ വീണത്. വെള്ളിമാടുകുന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ അബ്ദുല്‍ ഫൈസിയുടെ നേതൃത്വത്തിലെ അഗ്‌നിരക്ഷാ സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കിണറ്റില്‍ അകപ്പെട്ട ഇവര്‍ കിണറിന്റെ മോട്ടോര്‍ റോപ്പിലും പടവിലുമായി പിടിച്ചു നില്‍ക്കുകയായിരുന്നു.15 അടി താഴ്ചയും ഒരാള്‍ക്ക് വെള്ളവുമുള്ള കിണറില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിഖില്‍ മല്ലിശ്ശേരി ചെയര്‍നോട്ടില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനോജ് മുണ്ടക്കാട്, ബിനു എ കെ, മധു പി, മനുപ്രസാദ്, അഭിഷേക്, ഹോംഗാര്‍ഡ്മാരായ വിജയന്‍ പി എം, ബാലന്‍ ഇ എം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!