കൊറോണയ്ക്ക് പിന്നാലെ തിരുവനന്തപുരത്ത് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തു

കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗകാരിയായ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍.ഐ.വി. പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ലക്ഷണങ്ങൾ

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.

ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.

എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.

നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം

Comments

COMMENTS

error: Content is protected !!