കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരുന്റെയും രാജി. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജിപ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറിയതായും അടൂര്‍ അറിയിച്ചു.
”ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സാമാന്യ ബുദ്ധിക്ക് ചേരാത്ത ആരോപണങ്ങളാണ് ഡയറക്ടർക്കെതിരെ ഉയർന്നത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും ശങ്കർ മോഹനെതിരായ ആരോപങ്ങങ്ങളെല്ലാം തള്ളി അടൂർ വിശദീകരിച്ചു.
ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർത്ഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ശങ്കർ മോഹന്റെ രാജിക്ക് പിന്നാലെയാണ് അടൂരും രാജിവെച്ചത്. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ വഴങ്ങിയില്ല.