കെ കെ ഷൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റായി കാണാന്‍ ഒന്നും ഇല്ല എന്ന് സിലബസ് പരിഷ്‌കരണ അഡ്‌ഹോക്ക് കമ്മിറ്റി

കെ  കെ ഷൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റായി കാണാന്‍ ഒന്നും ഇല്ലെന്ന് സിലബസ് പരിഷ്‌കരണ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ബിജു എന്‍ സി. ആത്മകഥയിലെ അക്കാദമിക് താല്‍പര്യം മാത്രമാണ് പരിഗണിച്ചത്. നോര്‍ത്ത് മലബാര്‍ നറേറ്റീവ് എന്ന മേഖലയിലാണ് ഷൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ മുന്‍വിധിയോടെയല്ല അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനം. യോജിക്കുന്നവര്‍ക്ക് യോജിക്കാം വിയോജിക്കുന്നവര്‍ക്ക് വിയോജിക്കാം. ഷൈലജ എം.എല്‍.എ ആയതും മന്ത്രിയായതുമല്ല പഠിപ്പിക്കുന്നത്. ആത്മകഥയിലെ സാമൂഹ്യ രാഷ്ട്രീയ വികസന കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം താന്‍ എഴുതിയ പുസ്തകമായ മൈ ലൈഫ് ആസ് എ കോമറേഡ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞിരുന്നു. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി കെ ജാനു, സിസ്റ്റര്‍ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്തകത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും തന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കെ.കെ.ഷൈലജ വ്യക്തമാക്കിയിരുന്നു.

Comments

COMMENTS

error: Content is protected !!