കെ റെയിൽ; അടവുകൾ പിഴക്കുമ്പോൾ യുവാക്കൾക്ക് തൊഴിൽ കൊണ്ടുവരുമെന്ന വ്യാജ സ്വപ്നം വിൽക്കുകയാണ് ഭരണാധികാരികൾ: കല്പറ്റ നാരായണൻ

കൊയിലാണ്ടി: ‘ഒരു നിശ്ചയവുമില്ലയൊന്നിനും, എന്ന നിലയിൽ കെ റെയിൽ പദ്ധതി തുറന്നുകാട്ടപെട്ടതോടെ, യുവജനങ്ങൾക് വ്യാജ സ്വപ്നങ്ങൾ വിറ്റ് അവരെ പ്രലോഭിപ്പിച്ച് കൂടെ നിർത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. ശ്രദ്ധ സാമൂഹ്യ പാഠശാല സംഘടിപ്പിച്ച കെ റെയിൽ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ വികസനം മാത്രമല്ല, യുവാക്കൾക്ക് തൊഴിലും കൊണ്ടുവരുമെന്നാണ് ഇവരിപ്പോൾ പറയുന്നത്.

ജനകീയാസൂത്രണത്തിലൂടെ കേരളത്തിൽ കാർഷിക വികസനവും വ്യാവസായിക വികസനവും നടപ്പിലാക്കുമെന്ന് പറഞ്ഞവർ ഇന്നത്തെ കാർഷിക വ്യാവസായിക മേഖലയുടെ സ്ഥിതിയെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണം. പശ്ചാത്തല വികസനം കൊണ്ട് ഒരു സമൂഹവും രക്ഷപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ ശ്രീലങ്ക. കടം വാങ്ങി പശ്ചാത്തല വികസനം നടത്തി, കൃഷിയും വ്യവസായവുമൊന്നുമില്ലാതെ ടൂറിസം പോലുള്ള പദ്ധതികളിലൂടെ വികസിക്കാം എന്ന് കരുതിയ ശ്രീലങ്കയുടെ അവസ്ഥ എല്ലാ മലയാളികൾക്കും പാഠമാകണം. വിജ്ഞാന സമ്പദ് വ്യവസ്ഥ, ടൂറിസ്റ്റ് വികസനം പശ്ചാത്തല വികസനം എന്നിവയിലൂടെ കേരളത്തെ സിംഗപ്പൂരാക്കും എന്നാണ് ഭരണാധികാരികൾ പറയുന്നത്. നമ്മുടെ അടിസ്ഥാന ഭക്ഷണത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു റെയിൽവേ സമരമോ ട്രാൻസ്പോർട്ട് സമരമോ മതി കേരളം പട്ടിണിയാകാൻ. അന്ന് കെ റെയിൽ എന്ന സ്റ്റാൻഡേഡ്, സ്റ്റാന്റ് എലോൺ പതയിൽ നമുക്ക് ഭക്ഷണം കൊണ്ടുവരാനാവില്ല. കൃഷിയും വുവസായവും വികസിക്കാത്ത ഒരു സമൂഹത്തിനും നിലനിൽക്കാനാവില്ല. പശ്ചാത്തല വികസനം ഭക്ഷണം തരില്ല. അദ്ദേഹം പറഞ്ഞു. 

എൻ വി ബാലകൃഷ്ണൻ, വിജയ രാഘവൻ ചേലിയ എന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വനമിത്ര അവാർഡ് നേടിയ രാഘവൻ അരിക്കുളത്തിന് കൽപ്പറ്റ നാരായണൻ ഉപഹാരം നൽകി ആദരിച്ചു. പ്രിയേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ശിവരാമൻ കൊണ്ടംവള്ളി, എ ടി രവി, എം കെ സത്യൻ, സനൽ അരിക്കുളം സുബൈർ കാട്ടിലപ്പീടിക, കെ വി ഹരിഹരൻ, സായിപ്രസാദ് ചിത്രകൂടം സംസാരിച്ചു. എൻ കെ മുരളി സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി കൽപ്പറ്റ നാരായണൻ ചെയർമാൻ, എൻ വി ബാലകൃഷ്ണൻ കൺവീനർ, വിജയരാഘവൻ ചേലിയ, ഇ ജയരാമൻ, പി കെ രവീന്ദ്രനാഥ് വൈസ് ചെയർമാൻമാർ, ഇ ദിനേശൻ, ടി എം രാജേഷ്, രാജീവൻ താപ്പള്ളി, സെകട്ടറിമാർ എൻ വി മുരളി ട്രഷറർ, എന്നിവർ ഭാരവാഹികളായി 25 അംഗ നിർവാഹക സമിതിയേയും തെരഞ്ഞെടുത്തു.

Comments
error: Content is protected !!