കെ റെയിൽ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് എം ഡി
തിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയിലിന് കീഴിലെ സിൽവർലൈനിന് കേന്ദ്രസർക്കാറിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രസർക്കാറിന്റെ പോളിസികൾ പൂർണ്ണമായും പാലിച്ചുള്ള പദ്ധതിയാണിതെന്നും കെ റെയിൽ എം ഡി വി അജിത്കുമാർ. കെ റെയിൽ സർവേക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നടക്കുന്നത് സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആരെയൊക്കെയാണ് പദ്ധതി ബാധിക്കുക എന്ന് വിലയിരുത്തുന്നതിനാണ് ഇപ്പോൾ കല്ലിടുന്നത്. രണ്ട് മാസം കൊണ്ട് കല്ലിടൽ പൂർത്തിയാക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം കൊണ്ട് സാമൂഹിക ആഘാത പഠനം പൂർത്തിയാക്കും.
കെ റെയിൽ പദ്ധതിയിൽ ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദവും കെ റെയിൽ എം ഡി അജിത് കുമാർ തിരുത്തി. ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല, സാമൂഹികാഘാത പഠനമാണ്. ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം നടത്തുന്നത്. അലൈൻമെന്റ് അന്തിമമായ റൂട്ടുകളിലാണ് കല്ലിടുന്നത്. കല്ലിടലുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. പിഴുതുമാറ്റിയ കല്ലുകളുടെ സ്ഥാനത്ത് പുതിയ കല്ലിടും.
ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായം വിദഗ്ദ്ധർ കേൾക്കും. തടസങ്ങളുണ്ടായാൽ സാമൂഹികാഘാത പഠനം വൈകും. പദ്ധതി വൈകുന്തോറും ദിവസം നഷ്‌ടമാകുന്നത് 3500 കോടി രൂപയാണ്. നഷ്‌ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.