കേന്ദ്ര ഭരണകൂടം ധനമൂലധന ശക്തികളോടോപ്പം : സത്യൻ മൊകേരി
കാരയാട് : സാധാരണ ജനങ്ങളുടെ വിഷയങ്ങൾക്കും പൊതുമേഖലക്കും തീരെ പ്രാധാന്യം കൽപിക്കാത്ത ധനമൂലധന ശക്തികളുടെ താൽപര്യത്തിനനുസൃതമായാണ് മോദിഭരണകൂടം മുന്നോട്ടു പോകുന്നതെന്ന് സി.പി.ഐ. സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. സി.പി.ഐ. ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള അരിക്കുളം ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കാരയാട് എ.എം.എൽ.പി.സ്കൂളിലെ സ: കാരയാട് കുഞ്ഞികൃഷ്ണൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖല ആവശ്യമില്ലെന്ന് വാദിക്കുന്ന മൂലധന ശക്തികൾ സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ, ആഗോളവൽക്കരണ നയങ്ങളിലൂടെ ജനങ്ങളെ ആസൂത്രിതമായി കൊള്ളയടിക്കുകയാണ്. രാജ്യത്തെയും സെെന്യത്തെയും ശാസ്ത്രജ്ഞൻമാരെയും അവർ നിയന്ത്രിക്കുകയും തങ്ങൾക്കിഷ്ടമുള്ള ഗവൺമെന്റുകളെ അധികാരത്തിലെ ത്തിക്കുകയും ചെയ്യുന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർന്നു വരുമ്പോൾ ജാതി, മത, സങ്കുചിത ദേശീയവാദ വിഷയങ്ങൾ ഉയർത്തി പ്രക്ഷോഭങ്ങളെ വഴിതിരിച്ചു വിടാനും പ്രക്ഷോഭകരെ ഭീഷണിപ്പെടുത്തി തങ്ങളോടൊപ്പം നിർത്താനുമുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർന്നു വരണമെന്നും ജനങ്ങളെ ഏകീകരിച്ച് പ്രക്ഷോഭത്തിന് ശക്തി പകരാൻ സി.പി.ഐ. നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. രാജൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാവിലെ രക്തസാക്ഷിമണ്ഡപത്തിൽ പതാക ഉയർത്തിയതിനു ശേഷം സംഘാടക സമിതി ചെയർ പേഴ്സൺ എൻ.എം. ബിനിത പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത് .കെ .രാധാകൃഷ്ണൻ രക്ത സാക്ഷി പ്രമേയവും ഇ.കെ. രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഇ. രാജൻ മാസ്റ്ററെയും അസി.സെക്രട്ടറിയായി കെ.കെ രവീന്ദ്രനെയും സമ്മേളനം തെരഞ്ഞെടുത്തു.