AGRICULTURE

കേരകര്‍ഷകര്‍ക്ക് തിരിച്ചടിയായി അജ്ഞാതരോഗം

സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ തെങ്ങുകള്‍ക്കുണ്ടായ അജ്ഞാതരോഗം കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. കേരകൃഷി ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശങ്ങളായ കോഴിക്കോട് ജില്ലയിലെ മണിയൂര്‍, തിരുവള്ളൂര്‍, പാലയാട്, താമരശ്ശേരി, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ എലത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ തെങ്ങുകളിലാണ് അജ്ഞാതരോഗം വ്യാപകമായത്. ഇതേ തുടര്‍ന്ന് തെങ്ങുകള്‍ ഒന്നാകെ നശിക്കുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഒരു വര്‍ഷത്തോളമായി കുറഞ്ഞ തോതില്‍ രോഗം വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ഇതിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായി കര്‍ഷകര്‍ പറയുന്നു. ഒരു ദിവസം പെട്ടെന്ന് തെങ്ങിന്റെ ഒരു ഓല ഉണങ്ങുന്നു. തൊട്ടടുത്ത ദിവസം മറ്റ് ഓലകളും ഉണങ്ങുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ട് മാസത്തിനുള്ളില്‍ തെങ്ങ് പൂര്‍ണ്ണമായും നശിക്കുന്നതാണ് രോഗം.
തഞ്ചാവൂര്‍ ദ്രുതവാട്ടത്തിനോട് സമാനമാണ് ഈ രോഗമെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ കാസര്‍കോട്ടുള്ള തെങ്ങ് ഗവേഷണ കേന്ദ്രമായ സി.പി.സി.ആര്‍.ഐയുടെ പരിശോധനയിലൂടെ മാത്രമെ തെങ്ങുകളില്‍ വ്യാപിച്ച രോഗം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജില്ലയില്‍ എല്ലായിടത്തും വ്യാപിച്ചിട്ടില്ലെങ്കിലും സമീപകാലത്ത് തന്നെ ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു തോട്ടത്തില്‍ ഒരു തെങ്ങിന് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ മറ്റ് തെങ്ങുകളിലേക്ക് കൂടി വ്യാപിക്കാനുള്ള സാഹചര്യമാണുള്ളത്.
മണിയൂര്‍, തിരുവള്ളൂര്‍, പാലയാട് ഭാഗങ്ങളില്‍ രോഗം വന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ കൃഷി ഭവനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേരിലൂടെയാണ് രോഗം തെങ്ങിന്റെ തലപ്പത്ത് എത്തുന്നതെന്നാണ് കര്‍ഷകര്‍ക്ക് ചില കൃഷി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരം. പരിശോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സി.പി.സി.ആര്‍.ഐയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
തേങ്ങയുടെ വിലയിടിവിനിടയിലാണ് കര്‍ഷരെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെങ്ങുകളില്‍ പൊതുവേ കാണപ്പെടുന്ന കൂമ്പുചീയലിനും മണ്ടരിയ്ക്കും അല്‍പ്പം കുറവുണ്ട്.
മുന്‍കാലങ്ങളില്‍ രോഗം വരാതിരിക്കാന്‍ തെങ്ങുകളില്‍ പ്രയോഗിച്ച പല മാര്‍ഗങ്ങളും ഇപ്പോഴില്ലാത്തതാണ് രോഗത്തിന് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. തെങ്ങിന്റെ മണ്ട വൃത്തിയാക്കി ഉപ്പിടുന്ന സമ്പ്രദായം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത് കുറഞ്ഞു. ഇത്തരം തെങ്ങ് പരിചരണരീതികള്‍ മാറിയതും രാസവസ്തുക്കളുടെ അശാസ്ത്രീയ പ്രയോഗവും തെങ്ങുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് അഭിപ്രായം. അജ്ഞാതരോഗത്തിന് പ്രതിവിധിയ്ക്ക് തെങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ പഠനം അനിവാര്യമാണെന്നാണ് കേര കര്‍ഷകര്‍ പറയുന്നത്.
കണ്ണൂരിലെ മലയോര മേഖലയില്‍ തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നതായി നേരരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തൈത്തെങ്ങുകളിലടക്കം തെങ്ങോലകള്‍ മഞ്ഞനിറനിറത്തിലാവുകയാണ്. മഞ്ഞളിപ്പിനൊപ്പം തന്നെ കീടങ്ങളുടേയും അക്രമണത്താല്‍ തെങ്ങോലകള്‍ കരിയുകയും ചീയുകയും ചെയ്യുന്നു. കുമിള്‍ രോഗം ബാധിക്കുകയും കൂമ്പുചീയലും കാണുന്നുണ്ട്. മലയോര മേഖലയിലെ കേളകം, കൊട്ടിയൂര്‍, അടക്കാത്തോട് കണിച്ചാര്‍, കൊളക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമായതായി കേരകര്‍ഷകര്‍ പറയുന്നു.
മണ്ണിലെ ധാതു ലവണങ്ങളുടേയും മൂലകങ്ങളുടേയും ഘടനയില്‍ വന്നിരിക്കുന്ന മാറ്റമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് കൃഷിവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതാണ് ഓലകളിലെ മഞ്ഞ നിറത്തിനു കാരണം. ബോറോണിന്റെ കുറവ് തേങ്ങ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബോറോണ്‍ അളവിലുണ്ടാകുന്ന മാറ്റം മച്ചിങ്ങ പൊഴിയുന്നതു വര്‍ധിപ്പിക്കുന്നു.
കാല്‍സ്യത്തിന്റെ കുറവ് തെങ്ങിന്റെ വളര്‍ച്ചയെ തടയുന്നുണ്ട്. ഉത്പാദനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയ്ക്കൊപ്പം തേങ്ങയുടെ വിലയില്‍ ഇടിവു സംഭവിച്ചതും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃഷിഭവനുകള്‍ വഴി ഈ മൂലകങ്ങളും കുമ്മായവും തുടങ്ങിയവ സബ്സിഡി നിരക്കില്‍ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button