SPECIAL

കേരളം ഉഷ്‌ണ തരംഗ ഭീതിയില്‍; രാജ്യത്താകെ അന്തരീക്ഷോഷ്മാവ് കുതിച്ചുയരുന്നു. അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേരളത്തേയും ഉഷ്ണ തരംഗ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാര്‍ഗം തുടങ്ങിയ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കന്‍ സംസ്ഥാനങ്ങളിലും പ്രഭാവം തീര്‍ക്കുകയാണ്. കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില. തെർമോമീറ്ററുകൾ 32 ഡിഗ്രി ചൂട് കാണിക്കുമ്പോഴും അന്തരീക്ഷത്തിലെ ഈർപ്പത്തിലുണ്ടായ വർദ്ധനവ് നിമിത്തം, കേരളത്തിൽ പൊള്ളൽ അനുഭവപ്പെടുന്ന സ്ഥിതിയാണ്. പകലും രാത്രിയിലും വിശേഷിച്ച് വത്യാസമില്ലാതെയാണ് താപനില തുടരുന്നത്. കേരളത്തിൽ രേഖപ്പെടുത്തുന്ന താപനില കുറവാണെങ്കിലും അനുഭവപ്പെടുന്ന ചൂട് (ഇഫക്ടഡ് ഹീറ്റ്) 45 ഡിഗ്രിക്ക് മുകളിലായാണ് കണക്കാക്കിയിട്ടുള്ളത്.

 

എന്താണ് ഉഷ്‌ണ തരംഗം

ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കൂടുകയോ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്‌ണ തരംഗം. കേരളത്തില്‍ 2012ലും 2016ലും ഉഷ്‌ണ തരംഗം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഉഷ്‌ണ തരംഗം മൂലമുണ്ടാകുന്ന താപവ്യതിയാനം സൂര്യാഘാതം, സൂര്യാതപം എന്നിവയ്ക്ക് കാരണമാവും. കടുത്ത ചൂടിന് പുറമേ വേനല്‍മഴ കുറഞ്ഞതും ചൂട് ദുസ്സഹമാക്കുന്നു. ചൂടും പരവേശവും അധികരിച്ചിരിക്കുന്ന വേനലില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരീരത്തിന് താങ്ങാനാകാത്ത തരത്തിലുള്ള ചൂട് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് സൂര്യാഘാതം. സൂര്യാതപം എന്നിവയ്ക്ക് കാരണമാകാം.


രാവിലെ 11 മണിമുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെ വെയില്‍ ഏല്‍ക്കാതിരിക്കുക
ദേഹം പരമാവധി മൂടുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
കുട ചൂടുകയോ തുണികൊണ്ട് തല മറയ്ക്കുകയോ ചെയ്യണം
തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിയ്ക്കുക
വെയില്‍ കടുക്കുന്ന സമയം പുറംജോലികള്‍ ഒഴിവാക്കുക

 

വേനലില്‍ പാലിക്കേണ്ട ആഹാരക്രമം

വറുത്തതും പൊരിച്ചതും, അധികമായി മസാല ചേര്‍ത്ത ഭക്ഷണവും, മദ്യവും ഒഴിവാക്കുക
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക
കുമ്പളം, മത്തന്‍, വെള്ളരി എന്നിവ ധാരാളമായി കഴിക്കുക
ധാന്യത്തിന്റെ അളവ് കുറയ്ക്കുക
നിര്‍ജലീകരണം അനുഭവപ്പെട്ടാല്‍ നാരങ്ങാവെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുക
രാമച്ചം, നറുനീണ്ടി. നെല്ലിക്ക എന്നിവ ചതച്ച്‌ ശുദ്ധജലത്തിലിട്ട് ഒരു ദിവസം വച്ചതിന് ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ഉഷ്‌ണം കുറയ്ക്കാന്‍ സഹായിക്കും.
ചായ, കാപ്പി എന്നിവ നിയന്ത്രിക്കുക
മൈദ, പുളിപ്പിച്ച ആഹാരം, കട്ടിയുള്ള പാല്‍, കട്ടിയുള്ള തൈര്, മധുരം കൂടിയ പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക

മരങ്ങളും ചെടികളും വെട്ടിനശിപ്പിച്ചും വയലുകള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയും പ്രകൃതിയില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ചെറുതല്ല. മനുഷ്യന്റെ പ്രവൃത്തികള്‍ തന്നെയാണ് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ചെടികള്‍ നട്ടുവളര്‍ത്തുകയും വനങ്ങളും ജലാശയങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button