സിസ്റ്റര്‍ ലിനി സ്മാരക കുറത്തിപ്പാറ-സെന്റര്‍ മുക്ക് പാലത്തിന് മന്ത്രി ടി .പി .രാമകൃഷ്ണന്‍ തറക്കല്ലിട്ടു
കോഴിക്കോട്: നാട് എന്നും ഓര്‍മിക്കേണ്ട മഹതിയാണ് നിപ ബാധിച്ചു മരിച്ച സിസ്റ്റര്‍ ലിനിയെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിപ രോഗിയെ പരിപാലിച്ചതിലൂടെ രോഗം പിടിപെട്ടു മരിച്ച സിസ്റ്റര്‍ ലിനിയുടെ സ്മരണാര്‍ത്ഥം കടമ്പറപ്പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന കുറത്തിപ്പാറ-സെന്റര്‍ മുക്ക് പാലം തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലിനിയുടെ മഹത്തായ സേവനത്തെ അംഗീകരിച്ച് ബഹുമാനിച്ചുകൊണ്ട് അവരുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇന്ന് കൊറോണയെന്ന മറ്റൊരു പ്രതിസന്ധിയെ നാം നേരിടുകയാണ്. സാമൂഹിക അകലം, മാസ്‌ക് ധാരണം, കൈകഴുകല്‍ എന്നിവ ശീലമാക്കി ഇതിനെ നേരിടണം. ഓഖി, പ്രളയം എന്നിവയെ നേരിട്ട സര്‍ക്കാര്‍ കൊറോണ മഹാമാരിയേയും നേരിടും. പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് കാലത്തും ഓരാള്‍ പോലും പട്ടിണികിടക്കേണ്ടി വന്നിട്ടില്ല. സര്‍ക്കാര്‍ ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചു. കുറത്തിപ്പാറ-സെന്റര്‍ മുക്ക് പാലം പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ശശി, സി കെ ശശി, ലൈസ ജോര്‍ജ,് പള്ളുരുത്തി ജോസഫ്, കെ എ ജോസുകുട്ടി, ആവള ഹമീദ്, രാജി തോമസ്, രാജന്‍ വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.