പ്രവാസികളുടെ കൂട്ടായ്മയിൽ ചിറ്റാരിക്കടവിൽ മത്സ്യഫാം ഒരുങ്ങുന്നു

ഉള്ളിയേരി ചിറ്റാരിക്കടവിൽ  നൂറു പ്രവാസികളുടെ കൂട്ടായ്മയിൽ വിപുലമായ തോതിൽ മത്സ്യഫാം ഒരുങ്ങുന്നു. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കന്നൂര് ടൗണിൽനിന്ന് അര കിലോമീറ്റർ ദൂരത്താണ് ചിറ്റാരിക്കടവ് പ്രവാസി ഫാം പ്രോജക്ട് (ചിപ്പ്).

കോവിഡ് പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളാണ് പുതിയൊരു തൊഴിൽ മേഖലയെന്ന നിലയിൽ പദ്ധതിക്ക് രൂപം കൊടുത്തത്. ഉപ്പുവെള്ളം നിറഞ്ഞ് ചുറ്റുപാടും കാടുപിടിച്ചുകിടന്ന സ്വകാര്യവ്യക്തികളുടെ നാല് ഏക്കർ സ്ഥലം വെട്ടിത്തെളിച്ചാണ്  മത്സ്യഫാമാക്കി രൂപാന്തരപ്പെടുത്തിയത്.

അംഗങ്ങളിൽനിന്ന് 75,000 രൂപ വീതം സമാഹരിച്ചാണ് പദ്ധതി തുടങ്ങിയത്. മത്സ്യഫാമിനോടൊപ്പം ഫാം ടൂറിസം രംഗത്തേക്കും ഈ കൂട്ടായ്മ കടക്കുന്നുണ്ട്. ഫാമിനോട് ചേർന്ന് പ്രവാസി സൂപ്പർമാർക്കറ്റ്, മത്സ്യവിപണനകേന്ദ്രം, മത്സ്യവിഭവങ്ങൾ ലഭിക്കുന്ന ഹോട്ടൽ, മിനി കോൺഫറൻസ് ഹാൾ, ബോട്ടിങ് എന്നിവയും സജ്ജമാക്കും.

പെരുവണ്ണാമൂഴി കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ബി. പ്രദീപ് കുമാറിന്റെയും അത്തോളിയിലെ പ്രമുഖ മത്സ്യകർഷകൻ കൂളത്താംകണ്ടി മനോജിന്റെയും മാർഗനിർദേശങ്ങളോടെയാണ് ഫാം രൂപകല്പന ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 30,000 പൂമീൻ കുഞ്ഞുങ്ങളെയും 10,000 കരിമീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും.

വിദേശത്തും സ്വദേശത്തുമുള്ള പ്രവാസികളായ ടി.പി. ജയരാജൻ, എടവലത്ത് ബാബുരാജ്, സിനീഷ് കേളോത്ത്, വി.കെ. സുധീഷ്, ഷൈലേഷ് രാജ്, അഡ്വ. സുനിൽകുമാർ, ശരത്ത് ചൂരക്കാട്ട്, വി.എം. അസീസ്, ഫൈസൽ ദുബായ്, ഇ. അബ്ദുൾ സമദ്, സിറാജ്, അഡ്വ. പി.കെ. സജിൽ, ബിനു അരീക്കൽ, ബഷീർ എടവലത്ത്, സുജിത്ത്, എ.കെ. രമേശൻ തുടങ്ങിയവരെല്ലാം ഫാമിന്റെ പ്രവർത്തകരാണ്.

Comments

COMMENTS

error: Content is protected !!