വനിത ശിശു വികസന വകുപ്പിന്‍റെ ‘ധീര’ കളരി പരിശീലനം ആരംഭിച്ചു

കോഴിക്കോട്‌: വനിത ശിശു വികസന വകുപ്പിന്‍റെ ‘ധീര’ കളരി പരിശീലനം ആരംഭിച്ചു. ഇനി പകൽവെട്ടത്തിലോ രാത്രിയോ ആകട്ടെ, അക്രമിക്കാൻ എത്തുന്നവരെ മലർത്തിയടിക്കാൻ ഇത്തിരിപ്പോന്ന പെൺകുട്ടികൾക്ക്‌ ഒരുനിമിഷം മതി.
കൈപ്രയോഗത്തിലൂടെ എതിരാളിയെ തൂക്കിയെറിയാനുള്ള അടവുകൾ ചെറുപ്രായത്തിൽ ഈ പെൺകുഞ്ഞുങ്ങൾക്കറിയാം. വനിത–-ശിശു വികസന വകുപ്പ്‌ ആവിഷ്‌കരിക്കുന്ന ‘ധീര’യിലൂടെ സ്വയരരക്ഷയിലേക്ക്‌ കളരിമുറകളിലൂടെ മുന്നേറുകയാണിവർ.


തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയിൽ മൂന്ന്‌ കേന്ദ്രങ്ങളിലാണ്‌ ധീര‌ക്ക്‌ തുടക്കമായത്‌.
കുന്നമംഗലം, ചക്കിട്ടപാറ പഞ്ചായത്തുകളിലും കോഴിക്കോട്‌ കോർപറേഷനിലുമാണ്‌ വിദ്യാർഥിനികൾ സ്വയം പ്രതിരോധ മുറകൾ സ്വായത്തമാക്കുന്നത്‌. 10 മുതൽ 15 വയസുവരെയുള്ള പെൺകുട്ടികൾക്കാണ്‌ 10 മാസത്തെ പരിശീലനം.


30 പെൺകുട്ടികൾ വീതമാണ്‌ ഓരോ കേന്ദ്രത്തിലും പരിശീലനം നേടുന്നത്‌. പരിശീലനം കൂടുതൽ കേന്ദ്രങ്ങളിലേക്ക്‌ വ്യാപിപ്പിക്കും. അങ്കണവാടികൾ വഴിയാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്‌.
പരിശീലിക്കുന്നവർക്ക്‌ പാൽ, മുട്ട, പഴം എന്നിവ നൽകും. ആഴ്‌ചയിൽ രണ്ട്‌ ദിവസം ഒന്നേമുക്കാൽ മണിക്കൂർ വീതമാണ്‌ ക്ലാസ്‌. നാദാപുരം സ്വദേശിയായ പ്രേമൻ ഗുരുക്കൾ, ഭാര്യ കൃഷ്‌ണപ്രിയ എന്നിവരാണ്‌ മൂന്നിടത്തും പരിശീലനത്തിന്‌ നേതൃത്വം നൽകുന്നത്‌.

Comments

COMMENTS

error: Content is protected !!