കേരളത്തിലെ 5409 ആരോഗ്യ സബ്സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു
കേരളത്തിലെ 5409 ആരോഗ്യ സബ്സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പന്‍കോട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒമ്പതുതരം ലാബ് പരിശോധനകളും എലിപ്പനി പ്രതിരോധ മരുന്ന് ഉള്‍പ്പെടെ 36 തരം മരുന്നുകളും ലഭ്യമായിരിക്കും. കേരളത്തിലെ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി സബ്സെന്റര്‍ മാറുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും. ആഴ്ചയില്‍ ആറു ദിവസവും ഒമ്പതു മണി മുതല്‍ നാലു മണിവരെ പ്രവര്‍ത്തിക്കും. ഇതോടെ കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും. 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിന്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.