കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച്ച 11 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. മലയോരമേഖലകളില്‍ ഉള്ളവരെ മുന്‍കരുതലായി ക്യാമ്പുകളിലേക്ക് മാറ്റണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതാ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി മഴ തുടങ്ങുമ്പോള്‍ ക്യാമ്പുകളിലേക്ക് മാറ്റണം. കൊവിഡ് മാനദണ്ഡം പാലിക്കണം.
പശ്ചിമഘട്ട മലയോരമേഖലകളില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിയന്ത്രിക്കുക. ജില്ലാ, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും ജാഗരൂകമാകണം. പൊലീസും അഗ്നിരക്ഷാ സേനയും തയ്യാറാകണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകള്‍ സജ്ജീകരിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ലൈനുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും അപകടസാധ്യത പരിശോധിച്ച് മുന്‍കൂര്‍ നടപടി എടുക്കണം. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിച്ച് സ്ഥിതിഗതി ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.