കേരള ചലച്ചിത്രമേള IIFK ഡിസംബർ 10 ന് തുടങ്ങും
ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ കേരള – ഐഎഫ്എഫ്കെ – ഡിസംബർ 10 ന് തുടങ്ങും. 17 വരെ തിരുവനന്തപുരത്ത് മാത്രമായാണ് ഇത്തവണ മേള. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്.
കഴിഞ്ഞ തവണ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് ഐഎഫ്എഫ്കെ നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ. നാല് മേഖലകളിലായി മേള സംഘടിപ്പിക്കുന്നത് അസൌകര്യം സൃഷ്ടിച്ചതായി പരാതിയുണ്ടായിരുന്നു. എന്നാൽ ഇത്തവണ മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് അവസരം നഷ്ടമാവും. മേള ഒറ്റ നഗരത്തിൽ മാത്രമായി നടത്തുന്നതിൽ പ്രതിഷേധമുള്ള വലിയൊരു വിഭാഗവുമുണ്ട്.
മേളയിൽ പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങള്‍ സെപ്റ്റംബര്‍ 10 നുള്ളിൽ http://www.iffk.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. രാജ്യാന്തര മത്സര വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇപ്പോൾ, ലോക സിനിമ വിഭാഗങ്ങൾ എന്നിവയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ രാജ്യാന്തര മത്സരത്തിനായി പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.