പ്ലസ് വൺ പ്രവേശനം. 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുമെന്ന് മന്ത്രി

പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ പ്ലസ് വണ്‍  സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിക്കും. ഹയര്‍സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സേ പരീക്ഷയ്‌ക്കും പുനഃപരിശോധനയ്‌ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ആദ്യവാരം മുതല്‍ പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുമെന്നും എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ്ടു പരീക്ഷയില്‍ 87.94 ശതമാനമാണ് വിജയം. 85.13 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.

328702 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ്- 90.52%, ഹ്യുമാനിറ്റീസ്-80.4%, കൊമേഴ്‌സ്- 89.13%, ആര്‍ട്ട്സ്- 89.33% എന്നിങ്ങനെയാണ് വിജയശതമാനം. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയം 53 ശതമാനമാണ്

11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48383 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 91.11% നേടി എറണാകുളം ജില്ലയാണ് വിജയത്തില്‍ മുന്നില്‍. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്- 82.53%.

എയ്‌ഡ‌ഡ് മേഖലയില്‍ 90.37 ശതമാനവും അണ്‍ എയ്‌ഡഡ് മേഖലയില്‍ 87.67 ശതമാനവുമാണ് വിജയം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

വിഎച്ച്എസ്‌‌സി റഗുലര്‍ സ്‌കീമില്‍ 80.36 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 76.06 % ആയിരുന്നു. 239 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

 

Comments

COMMENTS

error: Content is protected !!