കോവിഡ് വാക്‌സിൻ ഡ്രൈറൺ വിജയകരം
കോഴിക്കോട്: കോവിഡ് വാക്‌സിൻ ഡ്രൈറൺ വിജയകമായി നടത്തി. രാജ്യവ്യാപകമായി നടത്തിയ ഡ്രൈറണ്ണിന്റെ ഭാഗമായി തിരുവനന്തപരം , ഇടുക്കി, പാലക്കാട് വയനാട് ജില്ലകളിലാണ് ഡ്രൈറൺ നടത്തിയത്. കുത്തിവെപ്പ് ഒഴികെയുള്ള കാര്യങ്ങളാണ് ഡ്രൈറണ്ണിൽ നടത്തിയത്.
തിരുവനന്തപുരം പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാ മൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ 11വരെയാണ് ഡ്രൈ റൺ നടത്തിയത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഡൽഹി ജിടിബി ആശുപത്രിയിൽ നേരിട്ട് ഡ്രൈറൺ നിരീക്ഷിച്ചു. സംസ്‌ഥാനത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ ഡ്രൈറൺ നിരീക്ഷിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി പറഞ്ഞു. . വാക്‌സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ല.
ഏറ്റവും സുരക്ഷിതമായ വാക്‌സിന്‍ എന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ ഉപയോഗത്തില്‍ ആശങ്ക വേണ്ടെന്നും മുന്‍ഗണനാ ക്രമത്തിലാണ് വിതരണമുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.
ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർവീതമാണ് പങ്കെടുത്തത്. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നത് ഉൾപ്പെടെ കോവിഡ് വാക്‌സിൻ നൽകുന്ന നടപടിക്രമമെല്ലാം അതേപോലെ പാലിക്കും. വാക്‌സിൻ കാരിയർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ലാർജ് ഐസ് ലൈൻഡ് റെഫ്രിജറേറ്റർ–- 20, വാസ്‌കിൻ കാരിയർ –-1800, കോൾഡ് ബോക്‌സ് വലുത്–- 50, കോൾഡ് ബോക്‌സ് ചെറുത്–- 50, ഐസ് പായ്ക്ക്–- 12,000 എന്നിവ സജ്ജമാക്കി. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന 14 ലക്ഷം സിറിഞ്ചുകൾ ഉടനെത്തും.
പ്രതിരോധ കുത്തിവയ്പിനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശ വർക്കർമാർ, ഐസിഡിഎസ്–- അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്.