കൈമാറാൻ കൈത്താങ്ങാവാം സ്മാർട്ട് ചാലഞ്ചിന് തുടക്കമായി


ഓൺലൈൻ പഠനം നടത്താൻ സ്മാർട്ട്ഫോണും ടാബും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുന്ന ‘കൈമാറാം  കരുത്താവാം’ സ്മാർട്ട് ചാലഞ്ചിന്‌ ജില്ലയിൽ തുടക്കമായി.  പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കലക്ടർ സാംബശിവറാവു നിർവഹിച്ചു.
കോഴിക്കോട് ജില്ലാ ഭരണകൂടവും കണക്ടഡ് ഇനിഷ്യേറ്റിവും ജില്ലാ ശുചിത്വമിഷനും ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയും  സംയുക്തമായാണ് പരിപാടി  സംഘടിപ്പിക്കുന്നത്.

ഉപയോഗിക്കാത്തതോ ചെറിയ അറ്റകുറ്റപ്പണി മാത്രം  ആവശ്യമുള്ളതോ ആയ സ്മാർട്ട്ഫോണുകളും ടാബുകളും  ജൂൺ 25 മുതൽ 30 വരെ കോഴിക്കോട് കലക്ട്രേറ്റിനു  മുൻ വശം, മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, പൊറ്റമ്മൽ മൈജി ഷോറൂമിന് മുൻവശം, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തയ്യാറാക്കിയ പ്രത്യേക കളക്ഷൻ സെന്ററുകളിൽ ശേഖരിക്കും. ശേഖരിക്കുന്ന സ്മാർട്ട്ഫോണുകളും ടാബുകളും  മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിഭാഗത്തിന്റെ ടെക്നോളജി ലാബിൽ റിപ്പയർ ചെയ്യും. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് റിപ്പയർ ചെയ്യുക.

ഫോണിന്റെ സ്വകാര്യത ഉറപ്പുവരുത്തി ഡാറ്റ പൂർണമായും ഒഴിവാക്കി അണുവിമുക്തമാക്കി  ഉപയോഗയോഗ്യമാക്കിയ ശേഷം ഇവ പൊതുവിദ്യാഭ്യാസ വകുപ്പ് വഴി  അത്യാവശ്യക്കാരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൈമാറും.

സ്മാർട്ട് ചാലഞ്ച് കോർഡിനേറ്റർ യു.പി ഏകനാഥൻ, അഡീഷണൽ ജില്ലാ ജഡ്ജ്.ആർ എൽ ബൈജു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സൂര്യ എം.പി,  ഹരിത മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, ശുചിത്വ മിഷൻ അസി. കോർഡിനേറ്റർ നാസർ ബാബു, പ്രമോദ് മണ്ണടത്ത്,  മൈജി ചെയർമാൻ എ.കെ ഷാജി,  തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ -7907700318, 9895176023.

Comments

COMMENTS

error: Content is protected !!