കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിംങ്ങിനെ തുടര്‍ന്ന് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു

ഓര്‍ത്തോ പി ജി വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ജിതിന്‍ ജോയിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചത്. മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഓര്‍ത്തോ വിഭാഗത്തിലെ രണ്ട് പി ജി സീനിയര്‍ വിദ്യാര്‍ത്ഥികളെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവരെയാണ് സസ്പെന്‍്റ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെന്‍ഷന്‍.

രാത്രി ഉറങ്ങാന്‍ സമ്മതിക്കാതെ വാര്‍ഡുകളില്‍ അധിക ഡ്യൂട്ടി എടുപ്പിച്ചു. മനപ്പൂര്‍വ്വം ഡ്യൂട്ടികളില്‍ വൈകിയെത്തി ജോലി ഭാരമുണ്ടാക്കി എന്നിങ്ങനെയാണ് ജിതിന്‍ പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയിലുള്ളത്. വകുപ്പ് മേധാവിയോട് നിരവധി തവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവിടെ ഇതാണ് രീതിയെന്ന് പറഞ്ഞ് നിസാരവല്‍ക്കരിച്ചെന്നും ജിതിന്‍ പറയുന്നു. അതിന് ശേഷം ജിതിന്‍ മെഡിക്കല്‍ കോളേജിലെ പഠനം അവസാനിപ്പിച്ചു. മറ്റൊരു കോളേജില്‍ പഠനം തുടങ്ങിയ ശേഷമാണ് പ്രിന്‍സിപ്പലിന് നേരിട്ട് പരാതി നല്‍കിയത്.

Comments
error: Content is protected !!