SPECIAL

കൊടിയുയർത്തി കോടിയേരി വീണ്ടും

 


കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണൻ അവരോധിതനാകുന്നത്. സർവ്വസമ്മതിയും പ്രവർത്തന മികവും തന്നെയാണ് സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മൂന്നാം ഊഴത്തിന്‍റെ അടിത്തറയായത്. മക്കൾ ഉൾപ്പെട്ട വിവാദങ്ങളും മഹാരോഗവും തൻ്റെ വ്യക്തിപരായ അംഗീകാരത്തിന് പാർട്ടിയിൽ ഇടിവൊന്നും സംഭവിച്ചില്ല എന്ന പ്രഖ്യാപനം കൂടിയാണീ മൂന്നാമൂഴം. ഏതാനും മാസം മുമ്പ് സെക്രട്ടറി കസേരയിലേക്കുള്ള തിരിച്ചുവരവ്, കോടിയേരി തന്നെ മൂന്നാമതും തുടരും എന്ന് എറണാകുളം സമ്മേളനത്തിന് മുമ്പേ വ്യക്തമായ സൂചന നൽകിയിരുന്നു.

പ്രസന്നനായ കമ്മ്യൂണിസ്റ്റാണ് കോടിയേരി. ഗൗരവക്കാരനായ പിണറായിയിൽ നിന്നും പാർട്ടി അമരത്തേക്കുള്ള സൗമ്യനായ കോടിയേരിയുടെ വരവ് ആലപ്പുഴ സമ്മേളനത്തിലായിരുന്നു. തൃശ്ശൂരില്‍ രണ്ടാമൂഴവും കടന്ന് എറണാകുളത്തെത്തുമ്പോൾ നായക സ്ഥാനത്ത് കോടിയേരിക്ക് പകരം പാർട്ടിക്ക് മുന്നിൽ മറ്റൊരു പേരുമുണ്ടായിരുന്നില്ല. രണ്ടാമൂഴത്തിൽ കോടിയേരിക്ക് മുന്നിൽ ഉണ്ടായത് അസാധാരണ പ്രശ്നങ്ങളാണ്. അർബുദത്തോടൊപ്പം മകന്‍റെ ജയിൽവാസവുമായപ്പോൾ പാർട്ടിക്ക് പോറൽ ഏൽക്കാതിരിക്കാൻ കോടിയേരി മാറി നിന്നു . പദവി ഒഴിഞ്ഞപ്പോഴും അണിയറയിൽ നിന്ന് ഭരണത്തുടർച്ചക്കായി നിർണ്ണായകമായ കരുനീക്കങ്ങൾ നടത്തി.

13 മാസങ്ങൾക്ക് ശേഷം സെക്രട്ടറി കസേരയിലേക്കു മടങ്ങുമ്പോൾ തന്നെ ഉറപ്പായിരുന്നു ഇനിയും പാർട്ടിക്കൊടി കോടിയേരിയുടെ കയ്യിലായിരിക്കുമെന്ന്. തലശേരി ഓണിയൻ ഹൈസ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ നേതാവ് പിണറായിയാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. 37ാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതിലും നാൽപത്തി രണ്ടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും 49 ല്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും കോടിയേരി പിണറായിയുടെ പിന്‍ഗാമിയായി.

എതിർ വിഭാഗീയതയുടെ കനലുകളെ ഒരുമിച്ചണച്ച് പാർട്ടിക്ക് കരുത്തു പകർന്ന പിണറായി – കോടിയേരി – ടീമിന് മുന്നിൽ ഇനിയുള്ളത് പുതിയ കാലത്തെ വെല്ലുവിളി. മറൈൻ ഡ്രൈവിൽ മുന്നോട്ട് വെച്ച അടിമുടി നയംമാറ്റങ്ങളുമായി തുടരുന്ന ഭരണത്തിന് ദിശാബോധം നൽകാൻ പിണറായിയോടൊപ്പം എന്നും കോടിയേരിയുമുണ്ടാകും.
പാർലമെന്‍ററി രംഗത്തും പാർട്ടിയിലും വിജയങ്ങളും ഉയർച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്ഐ നേതാവായത് മുതൽ മുതൽ 2018-ൽ രണ്ടാമതും പാർട്ടി സെക്രട്ടറിയാകും വരെയും അതിൽ മാറ്റമുണ്ടായില്ല. 2019 ൽ ബാധിച്ച അർബുദം ശരീരത്തെ തളർത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി തളർന്നില്ല. മഹാരോഗത്തിലും വീഴാത്ത പാർട്ടി സെക്രട്ടറി പക്ഷേ മക്കളുടെ അപഥ സഞ്ചാരങ്ങളിൽ തളർന്നു. ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണക്കേസ്സും ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗികാരോപണവും വല്ലാതെ വിഷമിപ്പിച്ചു. രണ്ട് നിർണ്ണായക തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെയാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമൊഴിയാൻ കാരണം കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും മക്കൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങളും അതിന് കാരണമായി.
“ബിനീഷ് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ” എന്ന നിലപാടാണ് പരസ്യമായി അദ്ദേഹം എടുത്തത്.

സിപിഎമ്മിൽ സൗമ്യനും സംഘാടകനും മാന്യനും മിടുക്കനുമാണ് എന്നും കോടിയേരി. തലശ്ശേരി ഗവൺമെൻറ് ഓണിയൻ ഹൈസ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതൽ രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. 37ാം വയസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നതിലും നാൽപത്തിരണ്ടാം വയസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാൽപത്തിയൊൻപതാം വയസിൽ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും, ഈ കോടിയേരിക്കാരൻ പിണറായി വിജയൻ്റെ പിൻഗാമിയായി. 2020 നവംബറിൽ പടിയിറങ്ങമ്പോഴും രാജിയല്ല അവധിയാണെന്ന് പാർട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുൻനിർത്തിയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button