കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്

കൊടുങ്ങല്ലൂരില്‍  നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന്  പൊലീസ്. കിടപ്പുമുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കൊടുങ്ങല്ലൂര്‍ പൊലീസ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശി ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്‌റ ഫാത്തിമ (14) അനൈനുനിസ (7) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിക്കുള്ളില്‍ വിഷവാതകത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

വിഷവാതകം ശ്വസിച്ചാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷവാതകം ഉണ്ടാക്കാന്‍ കാല്‍സ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഇവർ നേരത്തെ വാങ്ങിവെച്ചിരുന്നതായും സൂചനയുണ്ട്. അടച്ചിട്ട മുറിക്കുള്ളില്‍ ചാര്‍ക്കോള്‍ കത്തിച്ചിരുന്നതായും പൊലീസ് പറയുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് തയ്യാറാക്കി വെച്ചിരുന്നതായും ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണം സംഭവിച്ചെന്നുമാണ് നിഗമനം.

ഇരുനില വീടിന്റെ മുകള്‍നിലയിലായിരുന്നു ആഷിഫും കുടുംബവും താമസിച്ചിരുന്നത്. രാവിലെ ഒമ്പതുമണിയായിട്ടും ആഷിഫും ഭാര്യയും മക്കളും മുറിക്കുള്ളില്‍നിന്ന് പുറത്തുവന്നില്ല. ഇതോടെ താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകള്‍നിലയിലേക്ക് പോയി പരിശോധിച്ചു. എന്നാല്‍ കിടപ്പുമുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ എന്തോ കത്തിച്ചുവെച്ചതിന്റെ പുക നിറഞ്ഞതായും ഇവര്‍ പറഞ്ഞിരുന്നു.

Comments

COMMENTS

error: Content is protected !!