കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും
കേളകം: കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും. വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാൾ വരവും നെയ്യാട്ടവും നാളെ (മെയ് 15) നടക്കും. വയനാട്ടിലെ മുതിരേരി കാവിൽ നിന്നുള്ള പരാശക്തിയുടെ വാൾ എഴുന്നള്ളത്ത് ഞായറാഴ്ച സന്ധ്യയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിച്ചേരും.
നെയ്യാട്ടം നടക്കുന്നത് അർധരാത്രിയോടെ അക്കരെ കൊട്ടിയൂരിലാണ്. മണിത്തറയിലെ സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്യ് എഴുന്നള്ളത്തിന് ചൊക്ലിക്കടുത്ത നെടുംപുറത്തെ വില്ലിപ്പാലൻ വലിയ കുറുപ്പും കുറ്റ്യാട്ടൂരിലെ തമ്മേങ്ങാടൻ വലിയ നമ്പ്യാരുമാണ് നേതൃത്വം നൽകുക. നെയ്യമൃത് സംഘം ബാവലിക്കെട്ടിൽ കർമങ്ങൾ നടത്തി കുളിച്ച് അക്കരേക്ക് നീങ്ങും. കുറ്റ്യാടി ജാതിയൂർ ക്ഷേത്രത്തിൽനിന്ന് തേടൻ വാര്യർ എത്തിച്ച തീയും ജാതിയൂർ മഠം ക്ഷേത്രത്തിൽ നിന്നുള്ള നെയ്യും പാകപ്പെടുത്തി തൃത്തറയിൽ വെക്കും. വില്ലിപ്പാലൻ കുറുപ്പിന്റെ നെയ്യമൃത് ആദ്യവും തമ്മേങ്ങാടൻ നമ്പ്യാരുടെ നെയ്യമൃത് രണ്ടാമതും തൃക്കടാരി ഏറ്റുവാങ്ങി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപിക്കും.
നെയ്യഭിഷേകം പുലർച്ചവരെ തുടരും. തിങ്കളാഴ്ച രാത്രി നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെക്കൊട്ടിയൂരിൽ എത്തിയതിനുശേഷം മാത്രമേ സ്ത്രീകൾക്ക് അക്കരേക്ക് പ്രവേശനം അനുവദിക്കൂ.
വടക്കേ മലബാറിലെ ശിവചൈതന്യം(വടക്ക് പെരുമാൾ) കളിയാടുന്ന പ്രശസ്തമായ വനക്ഷേത്രമാണ് കൊട്ടിയൂർ. താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന ക്ഷേത്രങ്ങളും ചുറ്റുപാടും വെള്ളം നിറഞ്ഞു നിൽക്കുന്ന പ്രകൃതിയുമൊക്കെ ഇവിടത്തെ പ്രത്യേകതകളാണ്.