യു.എ.ഇ പ്രവേശന വിലക്ക് നീക്കി. വാക്സിനെടുത്താൽ പോകാം
കാലാവധിയുളള താമസവിസയുളളവര്‍ക്ക് വാക്സിനെടുനെടുത്തിട്ടുണ്ടെങ്കില്‍ രാജ്യത്തേക്ക് തിരികെയെത്താമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരുമാനം.
ഈ നിര്‍ദ്ദേശം ആഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തിലാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ –
കാലാവധിയുളള താമസവിസയുണ്ടായിരിക്കണം
യുഎഇ അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും എടുത്തവരായിരിക്കണം
വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞിരിക്കണം.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
യുഎഇയിൽനിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്കാണ് മടങ്ങാനാവുക എന്നാണ് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്.. വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് യാത്രാനുമതിയ്ക്കായി സമർപ്പിക്കണം.
ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് ആണ് ഇതു പ്രകാരം നീങ്ങിയിരിക്കുന്നത്.
ചില പ്രത്യേക തൊഴിൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വാക്സിൻ എടുക്കാത്തവർക്കും ഓഗസ്റ്റ് അഞ്ചു മുതൽ തിരിച്ചുപോകാൻ കഴിയും.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, യുഎഇയിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകർ, വിദ്യാർത്ഥികൾ, യുഎഇയിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകൾ സ്വീകരിക്കേണ്ടവർ, സർക്കാർ ഏജൻസികളിലോ ഫെഡറൽ ഏജൻസികളിലോ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വാക്സിൻ എടുത്തിട്ടില്ലാത്ത സാഹചര്യത്തിലും യാത്ര ചെയ്യാനാവുക.
ഈ വിഭാഗത്തിലുള്ളവുടെ കൈവശം യാത്രാ തിയതിയുടെ 48 മണിക്കൂറിനുള്ളിൽ നേടിയ പിസിആർ നെഗറ്റീവ് പരിശോധനഫലമുണ്ടാകണം. ഇതുകൂടാതെ വിമാനത്തിൽ കയറുന്നതിനു മുൻപായി റാപ്പിഡ് ടെസ്റ്റ് എടുക്കുകയും നിർദേശിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും യുഎഇയിൽ എത്തിയശേഷം പിസിആർ ടെസ്റ്റിനു വിധേയമാകുകയും ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം.
യാത്രാനുമതിയ്ക്കായി ഫെഡറൽ ഇമിഗ്രേഷൻ ഡിപ്പാർടൻറ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നിവയുടെ വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.