കൊയിലാണ്ടി അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് പന്ത്രണ്ടുകാരന്റെ മരണം; പൊലീസ് വീട്ടിലെത്തി ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചു തുടങ്ങി
ഇക്കഴിഞ്ഞ ദിവസം കൊയിലാണ്ടി അരിക്കുളത്ത് ഛർദ്ദിയെ തുടർന്ന് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പൊലീസ് വീട്ടിലെത്തി ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വീട്ടിലും കടയിലും എത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്ന് രാവിലെ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ പന്ത്രണ്ടു വയസുള്ള മകന്‍ അഹമ്മദ് ഹസന്‍ ഹിസായി ആണ് ഛർദ്ദിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് കുട്ടിക്ക് ഛര്ദ്ദി അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് രാസവസ്തുവിന്റെ സന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ഫോറന്സിക് പരിശോധനാഫലം കൂടി ലഭിക്കുന്നതോടെയാണ് അന്വേഷണം മുന്നോട്ട് പോകുക. ഡി.വൈ.എസ്.പി ഹരിപ്രസാദിന് പുറമെ കൊയിലാണ്ടി സ്റ്റേഷന്റെ ചുമതലയുള്ള സി.ഐ സുഭാഷ് ബാബു, അന്വേഷണ ചുമതലയുള്ള എസ്.ഐ അനീഷ്, എ.എസ്.പി എന്നിവരാണ് കേസ്സ് അന്വേഷിക്കുന്നത്.
മാതാപിതാക്കളെയും ബന്ധുവിനെയും ഇന്നലെ വീട്ടിലെത്തിയും ഇന്ന് കൊയിലാണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയും വിവരങ്ങള്‍ ശേഖരിച്ചതായി പോലീസ് അറിയിച്ചു.