കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലാക്കും- മന്ത്രി കെ.കെ ശൈലജ

മലബാറിലെ താലൂക്കാശുപത്രികളില്‍ ആദ്യത്തെ സി.ടി. സ്‌കാന്‍ മെഷീന്‍ കൊയിലാണ്ടിയില്‍
കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ആധുനിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച നിലവാരത്തിലാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സി.ടി. സ്‌കാനും എന്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ആധുനികവല്‍ക്കരിച്ച കാഷ്വാലിറ്റിയും   വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  മലബാറിലെ താലൂക്കാശുപത്രികളില്‍ ആദ്യത്തെ സി.ടി. സ്‌കാന്‍ മെഷീനാണ് കൊയിലാണ്ടിയിലേത്.  മൂന്ന് കോടി രൂപ ചെലവിലാണ് സി.ടി.സ്‌കാന്‍ സൗകര്യം  സജ്ജമാക്കിയത്.
 പുതിയ ആശുപത്രി കെട്ടിടത്തിന് 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കെട്ടിടം പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനാവശ്യമായ ശ്രമം നടത്തും. സ്വപ്നസമാനമായ വികസനമാണ് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ നടക്കുന്നത്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ മാനിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ആര്‍ദ്രം മിഷന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും സൗകര്യങ്ങള്‍ വര്‍ധിച്ചു. ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ കൂടുതല്‍ സൗകര്യത്തിനായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
കോവിഡ് വ്യാപന കാലത്ത് പുതിയ ആരോഗ്യ വളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നടത്തേണ്ട സാഹചര്യമുണ്ട്. കോവിഡ് സമ്പര്‍ക്ക വ്യാപനം തടയാന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണ്.  സമ്പര്‍ക്ക വ്യാപനം നാലാം ഘട്ടത്തിലേക്ക് കടക്കുന്നത് തടയാന്‍ അതീവ ജാഗ്രത പുലര്‍ത്തണം. കേരളത്തിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രധാന്യം ലഭിച്ചു കഴിഞ്ഞു.   കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ മാനസിക പിന്തുണയും പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് വേണമെന്നും മന്ത്രി പറഞ്ഞു.
കെ. ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, സ്ഥിരം സമിതി അംഗം വി. സുന്ദരന്‍ മാസ്റ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എ.നവീന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.സലീന, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി. പ്രതിഭ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!