കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേട് ,കൗണ്‍സില്‍ യോഗത്തില്‍ നിന്നും യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭയില്‍ 2020-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ചും,ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും കൗണ്‍സില്‍ യോഗത്തില്‍ നിന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി.
കൊയിലാണ്ടി നഗരസഭയില്‍ നടക്കുന്നത് വന്‍ അഴിമതിയാണെന്നും അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ്. കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളായ പി.രത്‌നവല്ലിയും,വി.പി.ഇബ്രാഹിം കുട്ടിയും ആവശ്യപ്പെട്ടു. പുളിയഞ്ചേരി കുളത്തില്‍ നിന്നും മണ്ണ് നീക്കം ചെയ്തതില്‍ 676260 രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
നൂറ് മൈക്രോ എം.ആര്‍.എഫ്.യൂണിറ്റുകള്‍ സ്ഥാപിച്ച ഇനത്തില്‍ പത്തൊന്‍പത് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി എഴുനൂറ്റി എണ്‍പത്തിമൂന്ന് രൂപ(1992783) സാന്‍സ് കോര്‍പ്പ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് നല്‍കിയിട്ടുണ്ടെങ്കിലും മുഴുവന്‍ യൂനിറ്റുകളും ജംഗമ വസ്തുക്കളുടെ ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കുകയോ, എവിടെയൊക്കെയാണ് എം.ആര്‍.എഫ് യൂനിറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ആയുര്‍വേദ ആശുപത്രിയിലേക്ക് വാങ്ങിയ 200 കസേരകളില്‍ 100 കസേരയും, അലൂമിനിയം ലാഡറും ആശുപത്രിയില്‍ കാണ്‍മാനില്ല .
തുണി സഞ്ചി നിര്‍മ്മാണത്തിന് ആവശ്യമായ 10 ഹൈ സ്പീഡ്തയ്യല്‍ മെഷീന്‍ വാങ്ങിയതില്‍ അഞ്ച് തയ്യല്‍ മെഷീന്‍ കാണാനില്ല.കുടിവെള്ള വിതരണത്തിലും ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ ബസ് സ്റ്റാന്റില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് കരാര്‍ കൊടുത്ത കമ്പനി കരാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള നിബന്ധനകള്‍ നിര്‍വഹിക്കുക പോലും ചെയ്തിട്ടില്ല. ക്രമക്കേടുകള്‍ അക്കമിട്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടും കുറ്റക്കാരെ വെള്ളപൂശാനാണ് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനടക്കമുള്ള ഭരണസമിതി ശ്രമിക്കുന്നതെന്ന് യൂ.ഡി.എഫ് കൗണ്‍സ,ിലര്‍മാര്‍ കുറ്റപ്പെടുത്തി.കൗണ്‍സിലര്‍മാരായ കെ.എം.നജീബ്,മനോജ് പയറ്റുവളപ്പില്‍, എ.അസീസ്,വത്സരാജ് കേളോത്ത്,പുനത്തില്‍ ജമാല്‍,ഫാസില്‍ നടേരി, വി.വി.ഫക്രുദ്ധീന്‍,അരീക്കല്‍ ഷീബ,കെ.ടി.വി.റഹ്മത്ത്,ജിഷ പുതിയേടത്ത്,ഷൈലജ,എം.ദൃശ്യ എന്നിവര്‍ നേതൃത്വം നല്‍കി.