മാനസയുടെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്‌ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

ബീഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) ആണ് രണ്ടാം പ്രതി. തോക്ക്‌ കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത തലശേരി രാഹുൽ നിവാസിൽ രാഖിൽ (32)ആണ് കേസിൽ ഒന്നാം പ്രതി. ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ്  അന്വേഷണം നടന്നത്. കഴിഞ്ഞ ജൂലൈ 30നായിരുന്നു സംഭവം. മാനസ പേയിങ്‌ ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ തോക്കുമായെത്തിയ രാഖിൽ മാനസയെ വെടിവച്ചു കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Comments

COMMENTS

error: Content is protected !!