കൊയിലാണ്ടി ഹാര്‍ബറില്‍ മത്സ്യബന്ധനം ഇനി സോണ്‍ അടിസ്ഥാനത്തില്‍
ഹാര്‍ബറിലെ ജനകൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ താഴെ പറയുന്ന തീരുമാനങ്ങള്‍ എടുത്തു. 1) നാളെ മുതല്‍ 2 സോണുകളായി തിരിച്ച് മത്സ്യബന്ധനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഇത് പ്രകാരം 30.05.2021 ന് ആദ്യ സോണില്‍ കൊയിലാണ്ടി മുതല്‍ കൊല്ലം വരെയുള്ളവര്‍ മാത്രമേ മത്സ്യബന്ധനത്തിന് പോകാവൂ. 31.05.2021 ന് രണ്ടാമത്തെ സോണില്‍ പെട്ട വിരുന്നു കണ്ടി മുതല്‍ കാപ്പാട് വരെയുള്ളവരാണ് മത്സ്യബന്ധനത്തിന് പോകേണ്ടത്. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ സോണിലുള്ളവരും പണിക്ക് പോകേണ്ടത്. 2)ഹാര്‍ബറിനകത്ത് പ്രവേശിക്കാന്‍ ഓരോ ദിവസവും പ്രത്യേകം പാസ്സ് നല്‍കും.
3)പോലീസ് തിരക്ക് നിയന്ത്രിക്കാന്‍ 5 വളണ്ടിയര്‍മാരെ നിയമിക്കും.
4) വില്‍പ്പന തിരക്ക് കുറയ്ക്കാന്‍ മുഴുവന്‍ പ്ലാറ്റ്‌ഫോമും ഉപയോഗപ്പെടുത്തും. നിയമം ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ , ഹാര്‍ബര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍, ഡി.വൈ.എസ്.പി, കണ്‍ട്രോള്‍ റൂം സി.ഐ., കൊയിലാണ്ടി സി.ഐ., സെക്ടറല്‍ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി താഹസില്‍ദാര്‍, ഫിഷറീസ്, ഹാര്‍ബര്‍, മത്സ്യഫെഡ്, ആരോഗ്യ വിഭാഗം, കോസ്റ്റല്‍ പോലീസ് എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കൂടാതെ കച്ചവടക്കാരുടേയും തൊഴിലാളികളുടെ പ്രതിനിധികളും പങ്കെടുത്തു. എം.എല്‍.എ യുടെ പ്രതിനിധിയും പങ്കെടുത്തു.