KOYILANDIMAIN HEADLINES

കൊയിലാണ്ടി ഹാർബർ മത്സ്യമേഖലയ്ക്ക് കുതിപ്പേകും

കൊയിലാണ്ടി : മത്സ്യബന്ധന തുറമുഖം സെപ്റ്റംബർ 24-ന് 11.30- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഹാർബർ ഉദ്ഘാടനം ആഘോഷമാക്കാൻ കൊയിലാണ്ടി തീരദേശമേഖല ഒരുങ്ങുകയാണ്. ഹാർബർ ഉദ്ഘാടനം ചെയ്യുന്നതോടെ കൊയിലാണ്ടിയിലെ തീരദേശവികസനരംഗത്ത് വലിയൊരു കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും ജീവിതാശ്രയമായി ഹാർബർ മാറും. പൂർണതോതിൽ ഹാർബർ പ്രവർത്തനമാരംഭിക്കുന്നതോടെ മത്സ്യവ്യാപാരം, കയറ്റുമതി, സംഭരണം, സംസ്‌കരണം,എന്നീ മേഖലകളിൽ പുത്തനുണർവ്വ് ഉണ്ടാകുന്നതോടൊപ്പം കൊയിലാണ്ടിയുടെ സാമ്പത്തികമേഖലയിലും മാറ്റങ്ങൾ ദൃശ്യമാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഹാർബർ 63.99 കോടി രൂപയുടെ പദ്ധതിയാണ്. 2006 ഡിസംബർ 17-ന് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഹാർബറിന് ശിലാസ്ഥാപനം നടത്തിയത്. 2015 മാർച്ചിൽ പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ വാർഫിൽ മണൽ നിറയ്ക്കുന്നതടക്കമുളള പ്രവൃത്തി നീണ്ടതും നിർമാണം പൂർത്തിയാകുന്നതിന് തടസ്സമായി. പുലിമുട്ടുകളുടെ കാര്യത്തിൽ കേരളത്തിലെ ഏറ്റവുംവലിയ മൽസ്യബന്ധന തുറമുഖമാണ് കൊയിലാണ്ടിയിലേതെന്ന് ഹാർബർ എൻജിനിയറിങ് വകുപ്പ് അധികൃതർ പറഞ്ഞു. വടക്കുഭാഗം പുലിമുട്ടിന് 1600 മീറ്റർ നീളവും, തെക്കുഭാഗത്തിന് 915 മീറ്റർ നീളവുമുണ്ട്. ഹാർബറിലെ വൈദ്യുതീകരണം, ശുദ്ധജലവിതരണം എന്നി പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. മൂന്നാമത്തെ ലേലപ്പുരയുടെ നിർമാണവും പൂർത്തിയായി. ഹാർബർ ബേസിൽ ആഴംകൂട്ടുന്നതിന്റെ ഭാഗമായി ചാനൽ ഡ്രഡ്ജിംങ്ങ് കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ചെങ്കിലും കാലവർഷം ശക്തമായതോടെ താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഹാർബറിന്റെ തെക്കുഭാഗത്ത് ഡീസൽ ബങ്ക് അനുവദിച്ചിട്ടുണ്ട്. മൽസ്യഫെഡിന്റെ കീഴിലാണ് ബങ്ക് പ്രവർത്തിക്കുക. ഹാർബറിൽ തീരമാവേലി സ്റ്റോർ ആരംഭിക്കും. എൻജിൻ ഘടിപ്പിച്ച പരമ്പരാഗതവളളങ്ങളടക്കം നൂറുകണക്കിന് ബോട്ടുകൾക്ക് സുരക്ഷിതമായി നങ്കൂരമിടാൻ ഹാർബറിൽ സൗര്യമുണ്ടാകും. 13 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് ഹാർബർ ഉദ്ഘാടനം നടക്കുന്നത്. ഹാർബറിന്റെ പൂർണ പ്രയോജനം കിട്ടണമെങ്കിൽ വെങ്ങളം, കാപ്പാട്, കൊയിലാണ്ടി തീരദേശ റോഡ് ഗതാഗതയോഗ്യമാക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button