SPECIAL
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
കൊളസ്ട്രോൾ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചു മറ്റാരെക്കാളും അറിവുള്ളവരാണു മലയാളികൾ. മരുന്ന്, വ്യായാമം, ഭക്ഷണക്രമം എന്നിങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആവശ്യമായ ത്രിവിധ മാർഗങ്ങളെ കുറിച്ചും മലയാളിക്കു നന്നായിട്ടറിയാം. പക്ഷേ, ഇതൊക്കെ പ്രാവർത്തികമാക്കാൻ ഇത്രത്തോളം വിമുഖതയുള്ള ഒരു സമൂഹവും മറ്റൊന്നില്ല.
കൊളസ്ട്രോളിനെ പ്രതിരോധിക്കുന്ന കാര്യത്തിലും പലപ്പോഴും മടി കാട്ടുന്നവരാണ് അധികവും. കൊളസ്ട്രോൾ കൂടുന്നവർക്കു വേദന ഉണ്ടാകുമായിരുന്നുവെങ്കിൽ അതു നിയന്ത്രിക്കുമായിരുന്നു. വേദന പേടിച്ചു ജീവിതശൈലി മാറ്റുമായിരുന്നു. അമിതമായ കൊളസ്ട്രോൾ സാധാരണനിലയിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണത്തിന്റേയും വ്യായാമക്കുറവിന്റേയും പരിണിതഫലമാണെന്നു മനസ്സിലാക്കിക്കൊണ്ട് അതു നിയന്ത്രിക്കാൻ മനസ്സിൽ ഒരു തയാറെടുപ്പു നടത്തണം. അതിനുവേണ്ടി വലിയ നിയന്ത്രണങ്ങൾ വരുത്താനൊരുങ്ങുന്നുവെന്നു ചിന്തിക്കാതെ സാധാരണ അവസ്ഥയിലേക്കു തിരിച്ചുപോകാൻ സാധാരണ ജീവിതശൈലി സ്വീകരിക്കാനാണ് ഒരുങ്ങുന്നത് എന്നു ചിന്തിച്ചാൽ മതി.
കൊളസ്ട്രോൾ അളവ് കൂടുതലാണ്. നിയന്ത്രിച്ചേ തീരൂ എന്ന് ഡോക്ടറിൽ നിന്നു നിർദേശവും കിട്ടിയ ആളാണ് നിങ്ങൾ. പക്ഷേ അതു ജീവിതത്തിൽ നടപ്പിലാക്കാനാകുന്നില്ല. എങ്കിൽ അതിനു വേണ്ടത് ചില തീരുമാനങ്ങളാണ്. കൊളസ്ട്രോൾ കുറയാൻ മരുന്നു കഴിക്കുന്നുണ്ടല്ലോ പിന്നെന്തിനാണ് വ്യായാമവും ഭക്ഷണനിയന്ത്രണവുമെന്നുള്ള ഒഴികഴിവുകളെ മനസ്സിൽ നിന്ന് ആദ്യമേ തുടച്ചുമാറ്റുക. കാരണം മരുന്നുകൊണ്ടു മാത്രം നിങ്ങൾക്ക് കൊളസ്ട്രോളിനെ പൂർണ വരുതിയിലാക്കാനാവില്ല.
കൊളസ്ട്രോൾ വരുതിയിലാക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യണമെന്നു ഡോക്ടറിൽ നിന്നു ലഭിച്ച കൃത്യമായ വിവരങ്ങൾ അക്കമിട്ട് ഒരു പേപ്പറിന്റെ മുകളിൽ രേഖപ്പെടുത്തുക. സാധാരണ നിലയിൽ ദിവസം അരമണിക്കൂർ വ്യായാമം, വറുത്തതും പൊരിച്ചതും ഒഴിവാക്കുക, രാത്രിയിൽ മുടങ്ങാതെ മരുന്നു കഴിക്കുക എന്നിവയാകാം അവ.
Comments