കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശിയുടേതെന്ന് ഡി എന്‍ എ പരിശോധനാ ഫലം
തിക്കോടി: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശിയുടേതെന്ന് ഡി എന്‍ എ പരിശോധനാ ഫലം. വടകര നടന്ന വാര്‍ത്താസമ്മേളനത്തില്‍ റൂറല്‍ എസ് പിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ജൂണ്‍ ഏഴിന് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാവാമെന്ന സംശയത്തെ തുടര്‍ന്ന് ഇന്നലെ സാമ്പിളുകള്‍ ശേഖരിച്ച് ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചിരുന്നു.ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്നുപേരുടെ മൊഴി പ്രകാരം ജൂലൈ പതിനഞ്ചിന് കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് പറഞ്ഞത്. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി പുഴയിലേക്ക് ചാടുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലരും മൊഴി നല്‍കിയിരുന്നു.