KERALAMAIN HEADLINES

കോടിയേരി ഇനി ഓര്‍മകളില്‍; സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് നടന്നു

ചുവപ്പന്‍ അഭിവാദ്യങ്ങളിലൂടെ സഖാവ് കോടിയേരി ബാലകൃഷ്ണന് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. കണ്ണൂരിലെ സി പിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയുടെ ഭൗതികദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.

ജനലക്ഷങ്ങളുടെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് ജനനായകന്‍ വിട വാങ്ങിയത് ഏവരുടെയും കരളലിയിക്കുന്ന നിമിഷങ്ങളായിരുന്നു. റെഡ് സല്യൂട്ട് കൊമ്രേഡ് എന്ന മുദ്രാവാക്യമായിരുന്നു പയ്യാമ്പലത്തെങ്ങും മുഴങ്ങിക്കേട്ടത്. പിണറായിയും യെച്ചൂരിയുമടക്കമുള്ളവര്‍ വിങ്ങലടക്കി പ്രിയസഖാവിനെ യാത്രയാക്കി.

കാല്‍നടയായാണ് വിലാപയാത്ര പയ്യാമ്പലത്തേക്ക് നീങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുതിര്‍ന്ന നേതാക്കളായ എം എ ബേബി, പി കെ.ശ്രീമതി തുടങ്ങിയവരാണ് വിലാപയാത്രയുടെ മുന്‍നിരയിലുള്ളത്.

ആയിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഭിവാദ്യം നല്‍കാന്‍ അഴീക്കോടന്‍മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്. മൂന്നുമണിക്ക് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗികബഹുമതികളോടെയാണ് കോടിയേരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. മുതിര്‍ന്ന സി പി എം നേതാക്കളായ ഇ കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് ചിതയൊരുക്കിയത്.
പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും മറ്റ് നേതാക്കളും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവൻ,എം വിജയരാജൻ തുടങ്ങിയ നേതാക്കൾമുൻനിരയിൽ അണിചേർന്നാണ് വിലാപയാത്രായായി മൃതദേഹം  പയ്യാമ്പലത്തേക്ക് കൊണ്ടുവന്നത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button